തിരുവനന്തപുരം : അസാധാരണ നടപടിയിലൂടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതിൽ സ്പീക്കറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേള പോലും പൂർത്തിയാക്കാതെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. പുറത്തിറങ്ങിയ പ്രതിപക്ഷ നേതാക്കൾ സ്പീക്കറുടെ നടപടിയെ ജനാധിപത്യ വിരുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു. നിയമസഭയ്ക്കകത്ത് വിഷയം ഉന്നയിക്കാൻ പോലും സ്പീക്കറുടെ നടപടി മൂലം പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിച്ചത്.
അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ ശൂന്യവേള റദ്ദാക്കിയതിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറെ അറിയിച്ചത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടത് അംഗീകരിക്കാനാകില്ല. പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍ ഇരുന്നതിന് ശേഷവും എട്ട് മിനിട്ട് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതിലുള്ള വിയോജിപ്പും പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു.
മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നായിരുന്നു സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചത്. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു. മുദ്രാവാക്യം വിളികൾക്കിടെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ പ്രതിപക്ഷ എംഎൽഎമാരോട് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെയാണ് അപ്രതീക്ഷിതമായി നിയമസഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ പ്രഖ്യാപിച്ചത്. സഭ തുടങ്ങി 8 മിനിറ്റിനകമാണ് ഇതെല്ലാം സംഭവിച്ചത്.