ദില്ലി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നരേന്ദ്രമോദിയുടെ വൺമാൻഷോയാക്കി മാറ്റുന്നത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുന്നത്. 9 വർഷം മുൻപ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി പാർലമെന്റിലേക്കെത്തി പാർലമെന്‍റ് മന്ദിരമടക്കം പണിത് ഭരണത്തിൽ തന്‍റേതായ വഴിവെട്ടിയ നരേന്ദ്രമോദി ഉദ്ഘാടന ചടങ്ങിലും ഒരുപാട് രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്നുണ്ട്. പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്കുള്ള മോദിയുടെ നാൾവഴികൾ പരിശോധിക്കാം.
2014 മെയ് 20 ന് പാർലമെന്‍റിലേക്ക് പ്രധാനമന്ത്രിയായാണ് നരേന്ദ്രമോദി ആദ്യമെത്തിയത്. 2019 ലും ചരിത്ര വിജയം നേടി തുടർഭരണം. കൊളോണിയൽ അവശേഷിപ്പുകളില്ലാത്ത ഇന്ത്യയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ മുഖമായ പാർലമെന്‍റ് രാജ്യത്തിന്‍റെ പൈതൃകം പേറുന്നതാകണമെന്നാണ് മോദിയുടെ കാഴ്ചപ്പാട്. 2020 ഡിസംബർ 10നാണ് പുതിയ പാർലമെന്‍റ് മന്ദിരമുൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ദതിക്ക് മോദി തറക്കല്ലിടുന്നത്. തറക്കല്ലിടൽ ചടങ്ങ് മുതൽ തന്‍റെ സ്ഥാനവും പ്രധാന്യവും മോദി ഉറപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രൂപകൽപനയടക്കം നടന്നത്.
2021 സെപ്റ്റംബറിലും, കഴിഞ്ഞ മാർച്ചിലും മന്ദിര നിർമ്മാണ പുരോഗതി വിലയിരുത്താൻ അപ്രതീക്ഷിത സന്ദർശനം നടത്തിയും മോദി വാർത്തകളിലിടം നേടി. കഴിഞ്ഞ വർഷം ജൂലൈ 12 ന് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ മുകളിലെ അശോക സ്തംഭവും മോദി അനാച്ഛാദനം ചെയ്തതു. വിവാദമൊഴിവാക്കാൻ ചടങ്ങ് നടന്ന ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്തംഭത്തിലെ സിംഹത്തിന് മനപൂർവം ശൗര്യം കൂട്ടി നിർമിച്ചെന്ന പ്രതിപക്ഷ വിമർശനത്തെയും മോദി ഗൗനിച്ചില്ല. 899 ദിവസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കി പുതിയ പാർലമെന്‍റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്.
ചെങ്കോൽ കൈമാറ്റമുൾപ്പടെ രാജഭരണകാലത്തെ ആചാരങ്ങളടക്കം പുനരാവിഷ്കരിച്ചാണ് മോദിയുടെ പുതിയ പാർലമെന്‍റിലേക്കുള്ള പ്രവേശനം. 2024ലും ഭരണ തുടർച്ച ലക്ഷ്യമിട്ടാണ് നീക്കങ്ങൾ. ദക്ഷിണേന്ത്യയിലടക്കം സ്വാധീനമുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ചെങ്കോൽ പൊടിതട്ടിയെടുത്തതെന്ന വിലയിരുത്തലുകളുമുണ്ട്. അതേസമയം പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ രൂപകൽപന മുതൽ ഉദ്ഘാടനം വരെ എല്ലാം പ്രധാനമന്ത്രിയുടെ വൺമാൻ ഷോയെന്ന വിമർശനം ശക്തമായി തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.