സ്ഥിരമായി ഗാരേജിലേക്കുള്ള വഴി മുടക്കി കാര്‍ പാര്‍ക്ക് ചെയ്യുന്ന ഡ്രൈവര്‍ക്ക് പണി കൊടുത്ത് വീട്ടുടമസ്ഥന്‍. വീട്ടിലെ ഗാരേജിലേക്കുള്ള വഴി അടച്ചതിന്‍റെ രോഷം പൂര്‍ണമായും വ്യക്തമാക്കുന്ന തരത്തില്‍ അസഭ്യ പദങ്ങള്‍ അടക്കമുള്ള കുറിപ്പ് എഴുതി അത് കാറിന്‍റെ ചില്ലില്‍ പശവച്ച് ഒട്ടിച്ചാണ് വീട്ടുടമസ്ഥന്‍ പ്രതികാരം ചെയ്തത്. ലണ്ടനിലാണ് സംഭവം നടന്നത്. ഇവിടെ പാര്‍ക്ക് ചെയ്യുന്ന അത്രയും കാലം നിനക്ക് മനസമാധാനം ഉണ്ടാവില്ലെന്ന മുന്നറിയിപ്പാണ് കുറിപ്പിലുള്ളത്.
അയല്‍ക്കാരന്‍ റെഡിറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം ഒരു ചര്‍ച്ചയായി മാറിയിട്ടുണ്ട്. ആരുടെ കാറാണെന്ന് വ്യക്തമാക്കുന്നതല്ല ചിത്രം. എന്നാല്‍ ചിത്രത്തിലേത് പോലെ കുറിപ്പ് എഴുതിയ വീട്ടുടമസ്ഥനെ പിന്തുണയ്ക്കുന്നതിനൊപ്പം രൂക്ഷ വിമര്‍ശനവും ഏല്‍ക്കുന്നുണ്ട്. നിങ്ങളുടെ ദേഷ്യം മനസിലാക്കാന്‍ സാധിക്കും പക്ഷേ പശവച്ച് അസഭ്യവര്‍ഷത്തോടെയുള്ള കുറിപ്പ് കാറിലൊട്ടിച്ചതിനെ ന്യായീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് പ്രതികരിക്കുന്നവര്‍ ഏറെയാണ്. പരാതിപ്പെടാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും അത് ഉപയോഗിച്ചില്ലെന്നും ആരോപണമുണ്ട്.
അതേസമയം വീട്ടുടമസ്ഥന് ഒരു അത്യാവശ്യമുണ്ടായി ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ എന്ത് ചെയ്യേണ്ടി വരുമെന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു കുറിപ്പ് മാത്രമായി അവസാനിച്ചതില്‍ ആ ഡ്രൈവര്‍ക്ക് ആശ്വസിക്കാമെന്ന് പറയുന്നവരുമുണ്ട്. വാഹനമോടിക്കേണ്ടവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ മറ്റൊരു വാഹനത്തിന്‍റെ പാര്‍ക്കിംഗ് സാഹചര്യം അടച്ച് പാര്‍ക്ക് ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇത്തരം അശ്രദ്ധകരമായ കാര്യങ്ങളെന്നും ചിലര്‍ പ്രതികരിക്കുന്നു.
ട്രാഫിക് പൊലീസ് ഇതേ വാഹനത്തില്‍ വച്ചിരിക്കുന്ന കുറിപ്പ് കണ്ട് ഡ്രൈവര്‍ നിരന്തരമായി ഇത്തരം പ്രവര്‍ത്തികളാണ് ചെയ്യുന്നതെന്ന് പ്രതികരിച്ചവരുമുണ്ട് സമൂഹമാധ്യമങ്ങളില്‍. എന്നാല്‍ കാര്‍ ആരുടേതാണെന്നോ വീട്ടുടമയുടെ പേരെന്താണെന്നോ റെഡിറ്റില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.