തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതിയായ സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലൻസ് യൂണിറ്റെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. സരിത്തിപ്പോൾ പാലക്കാട് വിജിലൻസ് ഓഫീസിൽ ഉണ്ട്. നോട്ടീസ് നൽകി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് വിജിലൻസ് വ്യക്തമാക്കുന്നതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ലൈഫ് മിഷൻ കേസിൽ മൊഴിയെടുക്കാനാണ് സരിത്തിനെ വിജിലൻസ് കൂട്ടി കൊണ്ടുപോയതെന്നും വിശദീകരണം വരുന്നുണ്ട്.
പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പോലീസിന്‍റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പോലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പോലീസെത്തി പരിശോധിച്ചു. വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിൽ കൃത്യമായ വിവരം പ്രാദേശിക പോലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇന്ന് രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്. 2016-ൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറൻസി കടത്തി, കോൺസുലേറ്റിൽ നിന്ന് ബിരിയാണിച്ചെമ്പിൽ സ്വർണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു. ഇതേ ആരോപണങ്ങൾ മുമ്പ് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഒരു സംഘമിപ്പോൾ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന ആരോപിക്കുന്നത്.
സ്വപ്നയുടെ ആരോപണമിങ്ങനെ: ”സിസിടിവിയും സെക്യൂരിറ്റിയുമുള്ള സ്റ്റാഫ് അക്കോമഡേഷനിൽ നിന്ന് സരിത്തിനെ തട്ടിക്കൊണ്ട് പോയിരിക്കുകയാണ്. അതും പട്ടാപ്പകൽ. അതായത് ഇനി അടുത്ത ടാർഗറ്റ് ഞാനാണ്. ഈ ഗുണ്ടായിസം നിർത്തണം. പ്ലീസ്. സത്യം മാത്രമേ ഞാൻ പറയുന്നുള്ളൂ. എന്നെ സഹായിക്കണം. ആർക്കും ആരെയും പട്ടാപ്പകൽ എന്തും ചെയ്യാം കേരളത്തിൽ. എന്‍റെ വീട്ടിൽ നിന്ന് പട്ടാപ്പകലാണ് തട്ടിക്കൊണ്ട് പോയിരിക്കുന്നത്. പൊലീസെന്ന് പറഞ്ഞിട്ടാണ് അവര് വന്നത്. യൂണിഫോമോ ഐഡി കാർഡോ അവർക്കുണ്ടായിരുന്നില്ല. ബിൽടെക് അവന്യൂ എന്ന് പറയുന്ന എന്‍റെ ഫ്ലാറ്റിൽ നിന്നാണ് അവർ സരിത്തിനെ പിടിച്ചുകൊണ്ട് പോയത്. ഇപ്പോഴാണ് അവര് സരിത്തിനെ കൊണ്ടുപോയത്. അവരെന്നെ ആക്രമിക്കാൻ തുടങ്ങുകയാണ്. രാവിലെ ഞാൻ മാധ്യമങ്ങളെ കണ്ട് പതിനഞ്ച് മിനിറ്റിന് ശേഷമാണിത്. അവര് പൊലീസല്ല. അവര് ഫോൺ പോലും എടുക്കാൻ സമ്മതിക്കാതെയാണ് സരിത്തിനെ കൊണ്ടുപോയത്. സരിത്ത് എവിടെയാണ് എന്നറിയില്ല. സരിത്തിന്‍റെ വീട്ടുകാര് ഇത് കേൾക്കുന്നുണ്ടെങ്കിൽ ടെൻഷനടിക്കരുത്. എച്ച്ആർഡിഎസ് ഇന്ത്യയുടെ സ്റ്റാഫാണ് സരിത്ത്. സരിത്തിന് വേണ്ട പ്രൊട്ടക്ഷൻ ഈ എൻജിഒ കൊടുക്കും”, എന്ന് സ്വപ്ന പറയുന്നു.