ന്റെ ന്റെ. പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ എന്ന നിലയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രാപ്തി നിങ്ങള്‍ക്കില്ല. മതിയായ ചര്‍ച്ചകളില്ലാതെ നിങ്ങള്‍ നിയമങ്ങളുണ്ടാക്കിയതാണ് സമരത്തില്‍ കലാശിക്കാനിടയാക്കിയത്. അതുകൊണ്ട് നിങ്ങള്‍ തന്നെ സമരത്തിന് പരിഹാരം കാണണം- കര്‍ഷക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രധാന നിര്‍ദേശം നല്‍കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞ വാക്കുകളാണിവ.
രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിലും കനത്തമഴയിലും തുടരുന്ന കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയും കോടതിയില്‍ വിമര്‍ശിക്കപ്പെട്ടു. എന്തെങ്കിലും തെറ്റായി നടന്നാല്‍ നാമോരോരുത്തരും ഉത്തരവാദികളായിരിക്കും എന്നു പറഞ്ഞ ചീഫ് ജസ്റ്റിസ്, തങ്ങളുടെ കൈകളില്‍ ആരുടെയും രക്തം പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ളതും കര്‍ഷക പ്രതിഷേധങ്ങള്‍ക്കെതിരെയുള്ളതുമായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം തിങ്കളാഴ്ച 47-ാം ദിവസത്തിലേക്കാണ് കടന്നത്.
കര്‍ഷക സമരത്തെ കൈകാര്യം ചെയ്ത സര്‍ക്കാരിന്റെ രീതിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി, കര്‍ഷകനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമം തങ്ങള്‍ സ്റ്റേ ചെയ്യുമെന്നും കോടതി പറഞ്ഞു. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന കര്‍ഷകരുടെ പ്രഖ്യാപനം അറ്റോര്‍ണി ജനറല്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. ദേശീയ പ്രാധാന്യമുള്ള ദിവസത്തെ നശിപ്പിക്കാനാണ് 2000 ട്രാക്ടറുകള്‍ രാജ്പഥിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കര്‍ഷകര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ പറഞ്ഞു. ദാവെ ഇക്കാര്യം പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.