യുഎസ്സിലെ ഒരു പ്രൈവറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ ലാബിൽ ക്ലീനിംഗ് ജോലിക്ക് വന്നയാൾക്കും അയാൾ ജോലി ചെയ്യുന്ന കമ്പനിക്കും എതിരെ കേസ് കൊടുത്തു. എട്ട് കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്ന് കാണിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. എട്ട് കോടിയുടെ നഷ്ടമുണ്ടാവാനും മാത്രം ഇയാൾ എന്താണ് ചെയ്തത് എന്നല്ലേ? ഒരു ചെറിയ അബദ്ധം കാണിച്ചതിനാണ് ഇത്രയും വലിയൊരു നഷ്ടം ഇൻസ്റ്റിറ്റ്യൂട്ടിന് വന്നിരിക്കുന്നത്.
ന്യൂയോർക്കിലെ റെൻസെലർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് (RPI) ലാബിലായിരുന്നു സംഭവം. ക്ലീനിംഗ് ജോലിക്ക് എത്തിയ ആൾ തുടരെ ഒരു ബീപ് ശബ്ദം കേൾക്കുകയായിരുന്നു. ഇത് കേട്ട് അസ്വസ്ഥത തോന്നിയ ഇയാൾ ശബ്ദമുണ്ടാകുന്നതിന് കാരണമാകുന്നു എന്ന് തോന്നിയ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അതോടെ 20 -ലധികം വർഷങ്ങളായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന റിസർച്ച് സാമ്പിളുകൾ നഷ്ടപ്പെട്ടു.
ഇത് തങ്ങൾക്ക് എട്ട് കോടി രൂപയുടെ നഷ്ടം വരുത്തി എന്നാണ് കമ്പനി പറയുന്നത്. അതോടെ ഇൻസ്റ്റിറ്റ്യൂട്ട് ക്ലീനിംഗ് സ്റ്റാഫിനെ അയച്ച കമ്പനിക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. “ആളുകളുടെ ചില പെരുമാറ്റവും അശ്രദ്ധയുമാണ് ഇതിനെല്ലാം കാരണമായി തീർന്നത്. നിർഭാഗ്യമെന്ന് പറയട്ടെ, അതിലൂടെ അവർ ഇല്ലാതെയാക്കിയത് 20 -ലധികം വർഷത്തെ ഗവേഷണമാണ്” എന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അറ്റോർണി മൈക്കൽ ഗിൻസ്ബെർഗ് പറഞ്ഞതായി ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.
2020 -ലാണ് പ്രസ്തുത സംഭവം നടന്നത്. എങ്ങനെയാണ് ബീപ് ശബ്ദം ഇല്ലാതാക്കേണ്ടത് എന്നതിനെ കുറിച്ച് കൃത്യമായി നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു എന്നും ക്ലീനിംഗിന് എത്തിയ ആൾ അതൊന്നും ശ്രദ്ധിച്ചില്ല എന്നും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നു. അതേ സമയം ജോലിക്കാരനെ അയച്ച ക്ലീനിംഗ് സർവീസ് സംഭവത്തിൽ അഭിപ്രായമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.