ലഖ്നൗ: ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർ മരിച്ചതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽനിന്ന് പൂർണിമ ദിനത്തിൽ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പ്രദേശവാസികൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റ തീർഥാടകർക്ക് കൃത്യമായ ചികിൽസ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.