സുല്‍ത്താന്‍ബത്തേരി: പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി കുമ്പളേരി കട്ടിപറമ്പില്‍ വീട്ടില്‍ ഇമ്മാനുവല്‍ സിംസണ്‍ രഞ്ജിത്ത് (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 6.82 ഗ്രാം എം.ഡി.എം.എയും 5.04 ഗ്രാം കറുപ്പും പിടിച്ചെടുത്തു. കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താനായി പതിനെട്ടടവും പയറ്റുകയാണ് ലഹരിമാഫിയ.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766 കടന്നുപോകുന്ന തകരപ്പാടിയിലെ പൊലീസ് ചെക്‌പോസ്റ്റിന് സമീപം ജില്ല പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ബത്തേരി പൊലീസിന്റെയും വാഹനപരിശോധന നടക്കവെ ഒരു യുവാവ് റോഡിലൂടെ നടന്നുവരുന്നു. പൊലീസിനെ കണ്ടതും ഇയാള്‍ പരുങ്ങലിലായി. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ പൊലീസുകാര്‍ പിന്നാലെ കൂടി പരിശോധിച്ചു. അപ്പോഴാണ് ബാഗിൽ നിന്നും എം.ഡി.എം.എയും കറുപ്പും കണ്ടെത്തിയത്.
എസ്.ഐ കെ.വി. ശശികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ അനസ്, സി.പി.ഒമാരായ ബി.എസ്. വരുണ്‍, ഫൗസിയ, സുരേന്ദ്രന്‍, ഷെമില്‍, എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച കാര്‍ യാത്രക്കാരനില്‍ നിന്നും എം.ഡി.എം.എ പിടികൂടിയിരുന്നു. കോഴിക്കോട് കൊടുവള്ളി മുതുവട്ടശ്ശേരി വീട്ടില്‍ എം. ഷാദിലി അബൂബക്കര്‍(26)നെയാണ് എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെ കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ വരുകയായിരുന്ന ഇയാള്‍ പിടിയിലാകുന്നത്. 27 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിന് കേരള പൊലീസിന്റെ ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി വയനാട് ജില്ലയില്‍ അഞ്ച് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32 പേരെ പിടികൂടി. 220 പേരെ പരിശോധിച്ചു. 8.09 ഗ്രാം എം.ഡി.എം.എയും 399 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.