ദില്ലി: അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താനായി എടിഎം മെഷീൻ കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിലാണ് സംഭവം. കനറാ ബാങ്കിന്റെ എടിഎം പൊളിച്ചുമാറ്റി പണം കവരാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പോലീസ് പിടികൂടിയത്. ശുഭം എന്ന യുവാവാണ് അറസ്റ്റിലായത്. അമ്മയുടെ കാൻസർ ചികിത്സക്കായി പണമുണ്ടാക്കാനാണ് കുറ്റം ചെയ്തതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെ എടിഎം കിയോസ്‌കിലെത്തിയ ശുഭം മെഷീൻ വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു.
എന്നാൽ, ഒരാൾ എംടിഎം മെഷീൻ കവർച്ച നടത്താൻ ശ്രമിക്കുന്നതായി ബെംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പൊലീസ് സ്ഥലത്തെത്തി ശുഭമിനെ കൈയോടെ പിടികൂടി. ചോദ്യം ചെയ്യലിൽ തന്റെ അമ്മ കാൻസർ ബാധിതയാണെന്നും ശസ്ത്രക്രിയയ്ക്ക് പണം ആവശ്യമാണെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ചികിത്സക്കായി പണമുണ്ടാക്കാൻ ഒരുപാട് ശ്രമിച്ചു. നിരവധി പേരിൽ നിന്ന് സഹായം തേടി. ഒടുവിൽ പണം ലഭിക്കാനുള്ള വഴികൾ അടഞ്ഞതോടെയാണ് എടിഎം കവർച്ചക്ക് പദ്ധതിയിട്ടത്. എടിഎം യന്ത്രം എങ്ങനെ കട്ട് ചെയ്യാം എന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വിഡിയോ കാണാൻ തുടങ്ങി. വിഡിയോ കണ്ട് കാര്യങ്ങൾ മനസ്സിലാക്കിയാണ് ഇയാൾ കവർച്ചക്കിറങ്ങിയത്.
എന്നാൽ, ഇയാളുടെ പദ്ധതി നടപ്പാകും മുമ്പ് പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഖേദമില്ലെന്നും അമ്മയുടെ ചികിത്സക്കുള്ള പണം കണ്ടെത്താൻ കഴിയാത്തതിൽ മാത്രമാണ് തനിക്ക് ഖേദമെന്നും അദ്ദേഹം പറഞ്ഞു. യുവാവ് നേരത്തെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു.