പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിയ പിടിച്ചുപറിക്കേസ് പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്. പിടിച്ചുപറിയും മയക്കുമരുന്ന് കച്ചവടവും അടക്കം അമ്പതോളം കേസില്‍ പ്രതിയായ ആലപ്പുഴ തുറവൂര്‍ സ്വദേശി വിഷ്ണു ശ്രീകുമാറിനെയാണ് പൊലീസ് പിടികൂടിയത്.
ഇരുപത്തിയെട്ടുകാരനായ പ്രതിയെ പെരിങ്ങോട്ടുകുറിശ്ശി പരുത്തിപുള്ളിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ആലുവയിലെ ബൈക്ക് ഷോറൂമില്‍ നിന്നും ആഡംബര ബൈക്ക് ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് ഓടിക്കാന്‍ വാങ്ങി ഈ ബൈക്കുമായി ഇയാള്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ഈ ബൈക്കിന്‍റെ നമ്പര്‍പ്ലേറ്റ് വ്യാജമായി വച്ച ശേഷം തൃശ്ശൂര്‍, ഷൊര്‍ണൂര്‍ വഴിചെര്‍പ്പുളശ്ശേരിയിലെത്തിയശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചിരുന്നു ഇയാള്‍. വീണ്ടും തൃശ്ശൂര്‍ ഭാഗത്തേക്ക് കടന്നിരിക്കുകയായിരുന്നു ഇയാള്‍.
ചൊവ്വാഴ്ച ഉച്ചയോടെ ഇയാള്‍ വാണിയമ്പാറ വഴി ആലത്തൂര്‍ ഭാഗത്തേക്ക് വരുന്നതായി പോലീസിന് വിവരം കിട്ടി. വടക്കഞ്ചേരി പോലീസിനെ വെട്ടിച്ച് ആലത്തൂര്‍ ഭാഗത്തേക്ക് പോയി. ആലത്തൂര്‍ പോലീസിന് പിടികൊടുക്കാതെ മലമല്‍മുക്ക് വഴി തിരിഞ്ഞ് വെങ്ങന്നൂര്‍ പാതയിലൂടെ മാരാക്കാവ് ഭാഗത്തേക്ക് പോയി.
ചിതലി വഴി ദേശീയപാതയില്‍ എത്തിയതോടെ കുഴല്‍മന്ദം പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി. നൊച്ചുള്ളി ഭാഗത്തേക്ക് കടന്നു. നൊച്ചുള്ളി പാലത്തില്‍വെച്ച് പോലീസിന്‍റെ വണ്ടിയില്‍ ഇടിച്ച ശേഷം ഇയാള്‍ പരുത്തിപ്പുള്ളി ഭാഗത്തേക്ക് പോയി.
എന്നാല്‍ പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഇതോടെ ബൈക്ക് ഉപേക്ഷിച്ചു. ഇത് പരുത്തിപ്പുള്ളി ഭാഗത്തെ ഒരു കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു. എന്നാല്‍ പിന്നാലെ എത്തിയ പൊലീസ് ഇയാളെ ഓടിച്ച് വളഞ്ഞ് പിടിക്കുകയായിരുന്നു. വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം, കോട്ടായി സ്റ്റേഷനുകളിലെ പോലീസുകാര്‍ ഒരുമിച്ച് നടത്തിയ പരിശ്രമമാണ് പ്രതിയെ പിടികൂടിയത്.
ആലത്തൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ നേരത്തേ തടവ് ചാടിയിട്ടുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ മാല പൊട്ടിച്ച കേസില്‍ പ്രതിയായ ഇയാളെ ചെര്‍പ്പുളശ്ശേരി പോലീസെത്തിയാണ് അറസ്റ്റ് ചെയ്തത്.