തൃശൂർ: കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തക്കുന്നം സ്വദേശി പല്ലേക്കാട്ട് വീട്ടിൽ വിഷ്ണുവിനെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവും സംഘവും പിടികൂടിയത്. ഡിസംബർ 29 നാണ് ചേരമാൻ പള്ളിയിലെ മഖ്ബറയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നത്. മൂവായിരം രൂപയാണ് കവർന്നത്. പുലർച്ചെ പള്ളിയുടെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയാണ് മോഷണം നടത്തിയത്. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പരാതിയെ തുടർന്ന് സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആന പാപ്പാനായും ബസ് ക്ലീനറായും ജോലി ചെയ്ത് വരുന്ന വിഷ്ണുവിന് വടക്കേക്കര പൊലീസ് സ്റ്റേഷനിലും മോഷണക്കേസ് നിലവിലുണ്ട്. പ്രതിയെ ചേരമാൻ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.












