കണ്ണൂര്‍: ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോവാദി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. സി.പി.ഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാൻഡര്‍ സി.പി മൊയ്തീന്‍റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായി പൊലീസും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോവാദി സംഘമെത്തിയത്. കുടുംബാംഗങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സി.പി മൊയ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്ന കാര്യം പൊലീസ് തിരിച്ചറിഞ്ഞത്.
ഇയാള്‍ക്ക് പുറമേ ജിഷ, രമേഷ്, സന്തോഷ്, വിമല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന കാര്യവും പൊലീസ് സ്ഥീരികരിച്ചു. മണ്ണൂരാംപറമ്പില്‍ ബിജുവിന്‍റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.
സംഘത്തിനു വേണ്ടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടരുകയാണ്. കര്‍ണാടക വനമേഖലയോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കളി തട്ടും പാറ. നേരത്തെ അയ്യന്‍ കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിലും ആറളത്തെ വിയറ്റ്നാം കോളനിയിലും മാവോവാദികള്‍ എത്തിയിരുന്നു. ജിഷയും മൊയ്ദീനും അടങ്ങിയ സംഘമായിരുന്നു ആറളത്തെത്തിയത്. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.