തിരുവനന്തപുരം: റോഡുവക്കിൽ സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന നാടോടി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ്. റെയിൽവേ പാളത്തിന് സമീപത്തു കൊണ്ടുപോയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ കുട്ടി ബോധരഹിതയായെന്നും സിറ്റി പൊലീസ് കമീഷണർ നാഗരാജു വ്യക്തമാക്കി.ഫെബ്രുവരി 19 നാണ് ചാക്ക ഓൾസെയിൻറ്സ് കോളജിന് സമീപം മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയായ നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് 19 മണിക്കൂറത്തെ തിരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിൽവേ പാളത്തിന് സമീപത്തെ ഓടയിൽ കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
വാഹന മോഷണം, ഭവനഭേദനം അടക്കം എട്ടോളം കേസുകളിൽ പ്രതിയായ ഹസൻകുട്ടി 2022 ജനുവരിയിൽ അയിരൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ കഴിഞ്ഞ ജനുവരി 12നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഫെബ്രുവരി 19ന് ഇയാൾ ട്രെയിൻമാർഗം രാത്രി 10.30 ഓടെ തിരുവനന്തപുരത്തെത്തി. വർക്കല സ്റ്റേഷനിൽ ഇറങ്ങാനാണ് തീരുമാനിച്ചതെങ്കിലും ഉറങ്ങിപ്പോയതിനെതുടർന്ന് പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങുകയായിരുന്നു.
തുടർന്ന് ഒരു ബൈക്ക് യാത്രികന്‍റെ സഹായത്തോടെ നാടോടികുടുംബം തമ്പടിച്ചിരുന്ന ബ്രഹ്മോസിന് സമീപം ഇറങ്ങി. സമീപത്തുണ്ടായിരുന്ന കടയിൽനിന്ന് കരിക്ക് കുടിക്കുന്നതിനിടെയാണ് രണ്ടുവയസ്സുകാരി ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് അരമണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് കുട്ടിയെ 12 നും ഒരു മണിക്കുമിടയിൽ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ റെയിൽവേ പാളത്തിന് സമീപത്തു കൊണ്ടുപോയി ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ കുട്ടി ബോധരഹിതയായി.
അനക്കമില്ലാതായതോടെ കുട്ടി മരിച്ചെന്ന് കരുതി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ട്രെയിൻമാർഗം പളനിയിൽ പോയി തലമൊട്ടയടിച്ചു. തുടർന്ന് ആലുവയിലും കൊല്ലത്തും ചുറ്റിത്തിരിയുന്നതിനിടെയാണ് സി.സി ടി.വി ദൃശ്യത്തിന്‍റെയും ജയിൽ അധികൃതരും നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസിന്‍റെ വലയിലായത്.
ഹസൻകുട്ടിക്കെതിരെ വധശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ നാഗരാജു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പത്തനംതിട്ട അയിരൂർ സ്വദേശിയുമായ ഹസൻകുട്ടി എന്ന കബീറിനെ (52) ഇന്ന് പുലർച്ചെ പൊലീസ് പിടികൂടിയത്. കൊല്ലത്തെ ചിന്നക്കടയിൽ നിന്ന് തിരുവനന്തപുരം ഡി.സി.പി നിതിന്‍ രാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം പിടികൂടിയത്. സിറ്റി പൊലീസ് കമീഷണർ സി. എച്ച്. നാഗരാജുവിന്‍റെയും തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്‍റെയും നേതൃത്വത്തിൽ10 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ ഹസൻകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.