കാൻപൂർ: റെയിൽ പാളത്തിൽ നിന്ന് കണ്ടെത്തിയ ചാക്കുകെട്ടിനേക്കുറിച്ച് സംശയം. പരിശോധിച്ചപ്പോൾ പുറത്ത് വന്നത് വൻ അട്ടിമറി ശ്രമത്തിലേക്കുള്ള സൂചന. കാൻപൂരിലാണി റെയിൽ പാളത്തിൽ നിന്ന് എൽപിജി സിലിണ്ടർ കണ്ടെത്തിയത്. ഇതുവഴിയേ കടന്ന് പോകേണ്ടിയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗ്യാസ് കുറ്റിയെന്നാണ് എൻടി ടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രയാഗ്രാജിൽ നിന്ന് ഭിവാനിയിലേക്ക് പോകുന്ന കാളിന്ദി എക്സ്പ്രസായിരുന്നു ഈ സമയം ഇതിലൂടെ കടന്ന് പോകേണ്ടിയിരുന്നത്. അതിവേഗതയിലെത്തിയ ട്രെയിൻ ഇടിച്ച് ഗ്യാസ് കുറ്റി തെറിച്ച് പോവുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇടിച്ചത് ചാക്കിൽ പൊതിഞ്ഞ് ട്രാക്കിൽ വച്ച ഗ്യാസ് കുറ്റിയിലാണെന്ന് വ്യക്തമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് റെയിൽവേ പൊലീസ് വിശദമാക്കുന്നത്.
ഫൊറൻസിക് സംഘമടക്കമുള്ളവർ സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ലോക്കോ പൈലറ്റ് ട്രാക്കിൽ ഇരിക്കുന്ന വസ്തു കണ്ടതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്. എമർജൻസി ബ്രേക്ക് പ്രയോഗിച്ചതിന് പിന്നാലെ ലോക്കോ പൈലറ്റ് ഗാർഡിനേയും ഗേറ്റ് മാനേയും വിവരം അറിയിച്ചതിനേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ ഗ്യാസ് കുറ്റി ശ്രദ്ധയിൽപ്പെട്ടത്. സംഭവ സ്ഥലത്ത് നിർത്തിയിട്ട ട്രെയിൻ 20 മിനിറ്റുകളോളം നിർത്തിയിട്ട ട്രെയിൻ പിന്നീട് ബിൽഹൌറിൽ വീണ്ടും പരിശോധനയ്ക്കായി നിർത്തിയിട്ടിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും പെട്രോളുമാണ് സംഭവം അട്ടിമറിയാവാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതെന്നാണ് എസിപി ഹരീഷ് ചന്ദ്ര വിശദമാക്കുന്നത്.