പാലക്കാട്: കോയമ്പത്തൂരിൽ അമ്മ ബസിൽ ഉപേക്ഷിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ തേടി മലയാളിയായ അച്ഛനെത്തി. തൃശ്ശൂർ സ്വദേശിയാണ് കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. കോയമ്പത്തൂർ നഗരത്തിലോടുന്ന സ്വകാര്യബസിൽ വെള്ളിയാഴ്ചയാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം. ബസിൽ കയറിയ യുവതി, നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിദ്യയെന്ന് പേരുള്ള സ്ത്രീയെ ഏൽപ്പിച്ച ശേഷം അടുത്ത സ്റ്റോപ്പിൽ ഇറങ്ങി.
യുവതി കടന്നുകളഞ്ഞതായി മനസ്സിലാക്കിയ വിദ്യ, യുവതിയെ കാണാതായതോടെ വിദ്യ വിവരം അറിയിച്ച് പൊലീസെത്തുകയും കുഞ്ഞിനെ കുറിച്ചുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.. ഇതിന് പിന്നാലെയാണ് തൃശ്ശൂർ സ്വദേശിയായ 32 കാരൻ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന രേഖകളുമായി പൊലീസിനെ സമീപിച്ചത്. തൃശൂര്‍ -തിരുച്ചിറപ്പള്ളി സ്വദേശികളായ ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് പിന്നീട് പൊലീസ് പങ്കുവച്ചത്.
എഞ്ചിനിയറായ യുവാവും കുഞ്ഞിന്റെ അമ്മയും ഈറോഡിലെ കോളേജിൽ സഹപാഠികളായിരിക്കെ പ്രണയത്തിലായെന്നും വീട്ടുകാരുടെ എതിർപ്പ് തള്ളി വിവാഹിതരായെന്നുമാണ് പൊലീസ് പറയുന്നത്. പിന്നാലെ യുവാവിന്റെ അച്ഛൻ മരിച്ചു. ഇതോടെയാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. അച്ഛന്റെ മരണത്തിന് കാരണം യുവതിയുമായുള്ള വിവാഹമാണെന്ന് പറഞ്ഞ് യുവാവ് അധിക്ഷേപിക്കുന്നത് പതിവായി.
ഇത് പതിവാകുകയും ഒടുവിൽ യുവതിയെയും കുഞ്ഞിനെയും കോയമ്പത്തൂരിലെ വീട്ടിൽ ആക്കിയതിന് ശേഷം യുവാവ് തൃശ്ശൂരിലേക്ക് മടങ്ങുകയും ചെയ്തു. ഇതിലുള്ള മനോവിഷമം കാരണമാണ് യുവതി കടുംകൈക്ക് മുതിർന്നത് എന്നുമാണ് പൊലീസ് ഭാഷ്യം. മാതാ പിതാക്കളെ ഒരുമിച്ചിരുത്തി സംസാരിച്ച ശേഷം മാത്രമേ കുഞ്ഞിന്ർറെ കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു. നിർഭാഗ്യവതിയായ കുഞ്ഞ് ശിശു ക്ഷേമസമിതയുിടെ സംരക്ഷണയിലാണ്.