ഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ആസൂത്രിതമെന്ന സംശയത്തിൽ പൊലീസ്. പൊട്ടിത്തെറിയുണ്ടായത് ക്യാമറ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലത്തെന്ന് പൊലീസ്. സംഭവത്തിൽ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
പലസ്തീൻ വിഷയം ഉന്നയച്ചുകൊണ്ടുള്ള കത്ത് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. സംഭവസ്ഥലത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ-ബെയറിങുകളും കണ്ടെടുത്തിരുന്നു.
എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ ഇസ്രയേൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേൽ നിർദേശം നൽകി. ജനക്കൂട്ടമുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേൽ –ഹമാസ് സംഘർഷം തുടങ്ങിയപ്പോൾ മുതൽ ഇസ്രയേൽ എംബസി പരിസരത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെ 2012ലും 2021ലും ഇസ്രയേൽ എംബസി ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്.