എട്ട് കോടി രൂപയുടെ കൊള്ളയിൽ പങ്കാളികളായ ദമ്പതികൾ പൊലീസൊരുക്കിയ വലയിൽ വീണു. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിൽ ശീതളപാനീയ കെണിയൊരുക്കിയാണ് ദമ്പതികളെ പൊലീസ് പിടികൂടിയത്. മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിങ്ങുമാണ് ആ ദമ്പതികളെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. ലുധിയാനയിലെ ഒരു കാഷ് മാനേജ്മെന്റ് ഫേമിലാണ് ഇരുവരും പങ്കാളികളായ വൻകൊള്ള നടന്നത്.
ജൂൺ പത്തിന് സിഎംഎസ്സ് സർവീസിന്റെ ഓഫീസിലെത്തിയ ആയുധധാരികളായ കൊള്ളസംഘം അവിടെയുള്ള ഗാർഡുകളെ കീഴടക്കിയാണ് എട്ട് കോടി രൂപ മോഷ്ടിച്ചത്. സംഭവം ഇങ്ങനെ, ലുധിയാനയിലെ ന്യൂ രാജ്ഗുരു നഗർ പ്രദേശത്തുള്ള ക്യാഷ് മാനേജ്‌മെന്റ് സർവീസ് കമ്പനിയാണ് സിഎംഎസ് സെക്യൂരിറ്റീസ്. കമ്പനിയുടെ ഓഫീസിലെത്തിയ കൊള്ളസംഘം സുരക്ഷാ ഗാർഡുകളെ കീഴടക്കി എട്ട് കോടി രൂപ കൈക്കലാക്കി. കൊള്ളസംഘത്തിലെ പ്രധാനികളായിരുന്നു ജസ്‍വീന്ദറും മൻദീപും. വിജയകരമായി കൊള്ള നടത്തിയ ശേഷം ഇരുവരും അവിടെ നിന്നും മുങ്ങി. നേപ്പാളിലേക്ക് കടക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ, പൊലീസ് അതിന് മുമ്പ് തന്നെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അതിനാൽ, നേപ്പാളിലേക്ക് പോവാൻ ഇരുവർക്കും സാധിച്ചില്ല.
അതേ സമയം കൊള്ളയെല്ലാം വിജയകരമായി പൂർത്തിയാക്കിയ ദമ്പതികൾ തീർത്ഥാടനത്തിലായിരുന്നു. ഹരിദ്വാർ, ഹേമകുണ്ഡ് സാഹിബ് എന്നിവിടങ്ങളിലേക്ക് പോകാനാണ് ഇരുവരുടേയും പദ്ധതിയെന്ന് അതിനിടയിൽ പൊലീസിന് വിവരം കിട്ടിയിരുന്നു. ഇതോടെ പൊലീസ് രണ്ടുപേരുടെയും നീക്കങ്ങൾ നിരീക്ഷിച്ച് തുടങ്ങി. ഇരുവരും ഹേമകുണ്ഡ് സാഹിബിലുണ്ട് എന്ന് വിവരം കിട്ടിയ പൊലീസ് അവിടെയെത്തുകയായിരുന്നു. എന്നാൽ, തിരക്കും മുഖം മറച്ചിരിക്കുന്നതും കാരണം പ്രതികളെ തിരിച്ചറിയുക പ്രയാസമായിരുന്നു.
ഇതോടെയാണ് പൊലീസ് ശീതളപാനീയക്കെണി ഒരുക്കുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ ഭക്തർക്ക് വേണ്ടി ശീതളപാനീയം വിതരണം ചെയ്യുന്ന കിയോസ്ക് സ്ഥാപിച്ചു. ദമ്പതികൾ കൃത്യമായി ഇവിടെ എത്തുകയും മുഖം മറച്ചിരിക്കുന്നത് മാറ്റി അത് വാങ്ങി കുടിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞു. ആ സമയം രണ്ടുപേരെയും അറസ്റ്റ് ചെയ്തില്ലെങ്കിലും. പ്രാർത്ഥന പൂർത്തിയാക്കിയ ഉടനെ ഇവരെ അറസ്റ്റ് ചെയ്തു. ദമ്പതികളിൽ നിന്നും 21 ലക്ഷം രൂപ പിടിച്ചെടുത്തതായും പൊലീസ് പറയുന്നു.