ചെന്നൈ: ചെന്നൈയിൽ മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് രണ്ടു പോലീസുകാർ തടവില്‍. റാണിപ്പെട്ട് ജില്ലയിലെ കോൺസ്റ്റബിളുമാരായ ശ്രീധർ, അരുൾ മണി എന്നിവർക്കെതിരെയാണ് നടപടി. അശോക് നഗറിലെ, റോഡരികിൽ നിർത്തിയിട്ടിരുന്ന അഞ്ച് ടൂ വീലറും ഒരു കാറുമാണ് ഇടിച്ചുതെറിപ്പിച്ചത്.
വെള്ളിയാഴ്ച അശോക് നഗറിലായിരുന്നു സംഭവം. റാണിപ്പെട്ട് ജില്ലയിലെ അവലൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ ശ്രീധറും അരുള്‍ മണിയും തമിഴ്നാട് പൊലീസിന്റെ ഔദ്യോഗിക എസ്‍യുവി വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. വിരുഗമ്പാക്കത്തെ തൈഷ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ നിന്ന് അഭിരാമപുരത്തെ തമിഴ്നാട് കമാന്‍ഡോ ഫോഴ്സ് സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തി.
വാഹനം ഓടിച്ചിരുന്ന ശ്രീധറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും അശോക് നഗര്‍ ടെന്‍ത് അവന്യുവിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും ഒരു സൈക്കിളും ഒരു കാറും ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഇരുവരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.