മുംബൈ : സഹപ്രവർത്തകയെ ലൈംഗികമായി അപമാനിക്കുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. പിന്തുടർന്ന് ശല്യം ചെയ്യൽ, പീഡനം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 49 കാരനായ ദീപക് ദേശ്മുഖ് എന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടറെ കുരാർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. 39 കാരിയായ പരാതിക്കാരി പൊലീസ് ഇൻസ്പെക്ടറാണ്. 2022 ഓഗസ്റ്റിൽ കുരാർ പോലീസ് സ്റ്റേഷനിൽ പൊലീസുകാരി പരാതി നൽകിയിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ദീപക് ദേശ്മുഖ് തന്റെ പോസ്റ്റിംഗിൽ വന്ന മാറ്റത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്ന് ആരോപിച്ച് ഇവരെ ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. പ്രകോപിപതനായ ദേശ്മുഖ് മലാഡ് ഈസ്റ്റിലെ പരാതിക്കാരിയുടെ വസതിയിലും അവരുടെ ജോലിസ്ഥലത്തും നിരന്തരം വരികയും ബഹളം വയ്ക്കുകയും ചെയ്തു. സഹായത്തിനായി വനിതാ ഓഫീസർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അയാൾ അസഭ്യം പറയുകയും അവരുടെ കൈയിൽ കയറി പിടിക്കുകയും ചെയ്തു. ഇയാൾ തനിക്കും കുടുംബത്തിനും നേരെ കടുത്ത ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായും വനിതാ പൊലീസ് പറഞ്ഞു.