ദില്ലി: കേന്ദ്ര ബജറ്റിൽ ആരോഗ്യ സേവനത്തിന് 5 ശതമാനം നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചുവെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. പിഐബി ഫാക്ട് ചെക്ക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2011ൽ പ്രണവ് മുഖർജി ധനകാര്യമന്ത്രിയായിരുന്നപ്പോഴാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. അന്നത്തെ ബജറ്റിൽ ആരോഗ്യസേവനങ്ങൾക്ക് അഞ്ചു ശതമാനം നികുതി ഏർപ്പെടുത്തിയതിനെതിരെ ഡോ ദേവി പ്രസാദ്ഷെട്ടി കത്തെഴുതിയിരുന്നു. നികുതി കൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സർക്കാരിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് മാർച്ച് 12ന് ദുരിതദിനമായി ആചരിക്കുമെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആ കത്ത് പങ്കുവെച്ച് കൊണ്ട് തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിക്കാർ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയും ചെയ്തു. ഇത് സാധാരണക്കാരെ ബാധിക്കുമെന്നും ജവഹർ സിക്കർ വിമർശിക്കുന്നുണ്ട്.
അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. സംഭവം അടിസ്ഥാന രഹിതമാണെന്നും ആരും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്നും കേന്ദ്രം അറിയിച്ചു. നികുതിയെ കുറിച്ചുള്ള കത്ത് 2011ലേതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇരുപത്തിയഞ്ചോ അതിലധികമോ കിടക്കകളുള്ള കേന്ദ്ര എയർ കണ്ടീഷനിംഗ് സൗകര്യങ്ങളുള്ള ആശുപത്രികൾ നൽകുന്ന ആരോഗ്യ സേവനങ്ങൾക്ക് അഞ്ച് ശതമാനം സേവന നികുതി ഈടാക്കാൻ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി തന്റെ ബജറ്റിൽ നിർദ്ദേശിച്ചപ്പോൾ ഡോ ദേവിപ്രസാദ് ഷെട്ടി എഴുതിയതായിരുന്നു ആ കത്ത്. ഈ കുറിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു. ആരോഗ്യമേഖലയിൽ നിന്നടക്കമുള്ള വരുടെ സമ്മർദ്ദത്തെ തുടർന്ന് അധിക നികുതി പിൻവലിക്കാൻ പ്രണവ് മുഖർജി തയ്യാറാവുകയും ചെയ്തിരുന്നു.