ബെംഗളൂരു: ബെംഗളൂരു വ്യവയായിയുടെ മരണത്തിന് പിന്നിൽ സ്വവർഗനുരാഗിയെന്ന് പൊലീസ്. ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന് സൂചന ലഭിച്ചു. അടുത്തിടെയാണ് ബെംഗളൂരുവിൽ 44 വയസ്സുകാരനായ വ്യവസായിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഫെബ്രുവരി 28നാണ് പരസ്യ ഏജൻസി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ നായണ്ടഹള്ളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയായ ഇല്യാസ് ഖാനെ (26) അമിതമായി മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിലും കണ്ടെത്തി. ഇയാൾ ചികിത്സയിലാണ്.
ലിയാക്കത്തും ഇല്യാസും തമ്മിൽ സ്വവർഗാനുരാകികളെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. നിർമാണ തൊഴിലാളിയാണ് ഇല്യാസ്. ഇല്യാസിന് വിവാഹാലോചനകൾ വന്നതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ഇല്യാസ് വിവാഹിതനാകുന്നതിനെ ലിയാഖത്ത് എതിർത്തു. 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസും ലിയാഖത്തും വാക്കേറ്റമുണ്ടായി. തർക്കത്തിനൊടുവിൽ ഇല്യാസ് ചുറ്റിക കൊണ്ട് ലിയാഖത്തിന്റെ തലക്കടിക്കുകായിരുന്നു. ശേഷം സ്വന്തം വീട്ടിലെത്തി തൈറോഡിനുള്ള അമിത ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
മൂന്ന് വർഷം മുമ്പ് ജിമ്മിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പരിചയം അടുപ്പമായി വളർന്നു. ബന്ധം മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ഇല്യാസിന് വിവാഹാലോചന വന്നത്. ഇല്യാസ് വിവാഹിതനാകുന്നതിൽ ലിയാഖത്തിന് സമ്മതമായിരുന്നില്ല. ലിയാഖത്തിന്റെ എതിർപ്പ് അവഗണിച്ച് ഇല്യാസിന്റെ വിവാഹം ഉറപ്പിക്കാൻ തീരുമാനിച്ചു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത്. പിതാവാണ് ഇല്യാസിനെ ആശുപത്രിയിൽ എത്തിച്ചത്. ആത്മഹത്യാശ്രമമാണെന്ന് മനസ്സിലാക്കിയതോടെ ആശുപത്രി അധികൃതർ പൊലീസിന് വിവരമറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം അറിയുന്നത്. ലിയാഖത്തിനൊപ്പമാണ് ഇല്യാസ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നതെന്ന് പിതാവ് പൊലീസിനോട് വിശദീകരിച്ചു. വിവാഹിതനും 17 വയസ്സുള്ള മകന്റെ പിതാവുമാണ് ലിയാഖത്ത്. ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ശേഷം ഇല്യാസിനെ കൂടുതൽ ചോദ്യം ചെയ്യും. മകനാണ് പരാതിയുമായി രംഗത്തെത്തിയത്.