പാലക്കാട്: കുതിരാനിലെ വനഭൂമിക്ക് അകത്ത് അജ്ഞാതന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കുതിരാനടുത്ത് വഴക്കുംപാറ വനഭൂമിയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ് ജോലിക്കിടെ ഫോറസ്റ്റ് വാച്ചറാണ് ഇത് കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പീച്ചി പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹ അവശിഷ്ടങ്ങൾ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റും.
അതേസമയം തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട കോണത്ത് കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. കപ്പട്ടിത്തറ കണ്ണന്റെ മകൾ ജാനുവിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 80 വയസായിരുന്നു ജാനുവിന്. കോണത്ത്കുന്ന് ജനത കോളനിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം അയ്യമ്പിള്ളി സ്വദേശിയാണ് ജാനു. കോണത്ത്കുന്നിൽ അനുജത്തിയുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു ഇവർ. മൃതശരീരത്തിന് സമീപത്ത് നിന്ന് മണ്ണെണ കുപ്പിയും കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് മൂന്നിടത്ത് നടന്ന അപകടങ്ങളിൽ ഇന്ന് അച്ഛനും മകളും അടക്കം നാല് പേർ കൊല്ലപ്പെട്ടതും ദുഖകരമായ വാർത്തയാണ്. പൂത്തോളിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റയാളാണ് മരിച്ചത്. ചേറ്റുപുഴ സ്വദേശി അന്തിക്കാട്ട് വീട്ടിൽ മുരളീധരൻ(65) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദേശീയപാതയിൽ കൊല്ലം മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചത് ഇന്ന് രാവിലെയായിരുന്നു. മൈലക്കാട് സ്വദേശി ഗോപകുമാർ , മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവ. സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ഗൗരി. ഗൗരിയെ സ്കൂളിലാക്കാൻ പോവുകയായിരുന്നു ഗോപകുമാർ. ഈ സമയത്തായിരുന്നു അപകടം.പത്തനംതിട്ട റാന്നിയിൽ നിയന്ത്രണം വിട്ട കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാന്നി കോടതിപ്പടിയിൽ ആയിരുന്നു അപകടം. കോഴിക്കോട് സ്വദേശി മിനി ജെയിംസ് (55) ആണ് മരിച്ചത്.