തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഇത്തവണയും വൈകും. പത്താം തീയതി വിതരണം ആരംഭിക്കുമെന്ന് അറിയിച്ച ഓണക്കിറ്റ് വിതരണം പതിനേഴിനാണ് തുടങ്ങുക. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഇത്തവണ ഓണകിറ്റിലുള്ളത്. സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ സാധനങ്ങളിൽ പലതും ഇനിയും ലഭിക്കാത്തതിനാലാണ് വിതരണം വൈകുന്നത്.
സംസ്ഥാനത്തെ 92 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ കൃത്യ സമയത്ത് ലഭിക്കാത്തതിനാൽ പായ്ക്കിങ് നടത്താൻ സപ്ലൈക്കോയ്ക്ക് സാധിച്ചില്ല. ഇതാണ് കിറ്റ് ഒരാഴ്ച വൈകാൻ കരണമാക്കിയത്. കിറ്റിലേക്ക് വേണ്ടതായ ഉപ്പ് ഗുജറാത്തിൽ നിന്നാണ് എത്തുക. മഴ കനത്തതോടെ ഉപ്പ് അയക്കാൻ വൈകി. ഏഴാം തീയതിയാണ് കേരളത്തിലേക്ക് ഉപ്പ് കയറ്റി അയച്ചത്. ഇത് 12 ന് കൊച്ചിയിലെത്തും. തുടർന്ന് വിവിധ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കണം.
ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും ഓണത്തിന് മാത്രം വിതരണം ചെയ്യുന്ന ഉണങ്ങലരി വലിയ അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്നുണ്ട്. മാത്രമല്ല, കിറ്റ് നൽകാനുള്ള സഞ്ചിയും എത്തിയിട്ടില്ല. കഴിഞ്ഞ വര്ഷം കുടുംബശ്രീ ആയിരുന്നു കിറ്റ് തയ്യാറാക്കിയത്. എന്നാൽ ഇത്തവണ ബംഗളുരുവിലുള്ള ഒരു കമ്പനിയും കോഴിക്കോട് നിന്നുള്ള ഒരു വനിതാ സൊസൈറ്റിയുമാണ് കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് പ്രിന്റ് ചെയ്ത ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാൽ മാത്രമേ കിറ്റ് പൂർണമായി തയ്യാറാക്കാൻ സപ്ലൈക്കോയ്ക്ക് സാധിക്കുകയുള്ളു.