മുംബൈ: ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ (ബാർക്ക്) ശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു. ഡൽഹി സ്വദേശി മനീഷ് സോമനാഥ് ശർമയെയാണ് (50) തിങ്കളാഴ്ച ബാർക്കിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭാര്യ നീതു ശർമയാണ് ആദ്യം കണ്ടത്. അയൽക്കാരുടെ സഹായത്തോടെ ബാർക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പ്രതീക്ഷക്കൊത്ത് ജീവിക്കാൻ കഴിയാത്തതിൽ അമ്മ, ഭാര്യ, മകൻ എന്നിവരോട് കത്തിൽ മാപ്പ് ചോദിക്കുന്നതായി പൊലീസ് അറിയിച്ചു. ശർമ മാനസികരോഗ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകി. ആത്മഹത്യാക്കുറിപ്പ് ഫോറൻസിക് പരിശോധനക്ക് അയച്ച പൊലീസ്, ശർമയെ ചികിത്സിച്ച മനോരോഗ ഡോക്ടറുടെ മൊഴിയെടുക്കും. 2000ത്തിലാണ് ശർമ ബാർക്കിൽ എത്തിയത്. ഡൽഹി ഐ.ഐ.ടി പൂർവ വിദ്യാർഥിയാണ്.