അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. ഇത്തിഹാദ് എയര്‍വേഴ്സാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യ സര്‍വീസ് തുടങ്ങുന്നത്. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഇത്തിഹാദ് എയര്‍വേഴ്സിന്റെ എയര്‍ബസ് എ350-1000 വിമാനം പറന്നുയര്‍ന്നു. 359 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിസ് എയര്‍ അബുദാബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പിഐഎ, സ്മാര്‍ട്ട് വിങ്‌സ്, സിറിയന്‍ എയര്‍, ഏറോഫ്‌ലോട്ട്, പെഗാസസ് എയര്‍ലൈന്‍സ് എന്നിങ്ങനെ 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക.
നവംബര്‍ 14 മുതല്‍ 10 വിമാനകമ്പനികള്‍ കൂടി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ 9 മുതല്‍ ഇത്തിഹാദിന്റെ 16 വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. ടെര്‍മിനല്‍ 1,2, എ എന്നീ ടെര്‍മിനലുകളില്‍ നിന്ന് സര്‍വീസ് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ ഏത് ടെര്‍മിനല്‍ വഴിയാണ് യാത്ര എന്നറിയാന്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്.