തിരുവനന്തപുരം : മാർജിൻ ഫ്രീ ഷോപ് ഉടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂർ നാലാഞ്ചിറ പാറോട്ടുകോണം കട്ടച്ചക്കോണം ഗവ. സ്കൂളിന് സമീപം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ അജയൻ എന്ന അജയനാണ് (44) അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പാറോട്ടുകോണം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എ.എസ് സൂപ്പർമാർക്കറ്റിൽ കയറിയാണ് ഉടമയെ ഭീഷണിപ്പെടുത്തിയത്. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശിയായ സാൽവിൻ ഷിബുവിനെ (27) ഭീഷണിപ്പെടുത്തിയ ശേഷം പോക്കറ്റിൽ നിന്ന് ആയിരത്തോളം രൂപ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് സി.ഐ യും സംഘവും നടത്തിയ അന്വേഷണത്തിൽ മുട്ടടയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അജയനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകള്‍ ഉള്ളതായി സി.ഐ ഹരിലാൽ വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.