അമ്മയെ കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തിയ മകനെ നനഞ്ഞ ടോയ്ലെറ്റ് പേപ്പര്‍ കൊണ്ട് ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ മസാച്യുസെറ്റ്സിലാണ് സംഭവം. 69കാരിയായ അമ്മയെ കൊന്ന കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചാണ് 34കാരനായ മകന്‍ മരിക്കുന്നത്. ആദം ഹോവ് എന്നയാളാണ് മരിച്ചത്. നനഞ്ഞ ടോയ്ലെറ്റ് പേപ്പര്‍ ഇയാള്‍ തന്നെ വായില്‍ കുത്തിനിറച്ച് അത്യാഹിതമുണ്ടാക്കിയെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 69കാരിയായ സൂസന്‍ ഹോവിനെ കേപ്പ് കോഡിലെ ട്രൂറോ പട്ടണത്തിലെ വസതിക്ക് മുന്നില്‍ തീ ആളിപ്പടര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വീടിന് മുന്നിലെ പുല്‍ത്തകിടിയിലായിരുന്നു ഇവരുടെ മൃതദേഹം തീപിടിച്ച നിലയില്‍ കിടന്നിരുന്നത്. സംഭവത്തില്‍ ഇവരുടെ മകനായ ആദമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് എത്തിയപ്പോള്‍ വീടിനുള്ളില്‍ അടച്ചിരുന്ന ആദമിനെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ആഷ് സ്ട്രീറ്റ് ജയിലിലേക്ക് മാറ്റുകയായിരുന്നു. മാനസിക അസ്വസ്ഥതകള്‍ കാണിച്ചിരുന്ന ആദമിനെ ഓരോ 15 മിനിറ്റിലും ഇയാളെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അഗ്നിബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രത്യേക തുണികൊണ്ടുള്ള വേഷമായിരുന്നു കസ്റ്റഡിയില്‍ നല്‍കിയിരുന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തേക്കുറിച്ച് കൂടുതല്‍ പ്രതികരണം നടത്താനില്ലെന്നും ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നു.
ട്രൂറോ ചരിത്ര സംഘത്തിന്‍റെ അധ്യക്ഷയാണ് കൊല്ലപ്പെട്ട സ്ത്രീ. ആഗസ്റ്റ് മാസത്തില്‍ മയക്ക് മരുന്ന് ആസക്തിയുള്ളവരെ ചികിത്സിക്കുന്ന മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കൈവശം വച്ചതിനും കടയില്‍ അതിക്രമിച്ച് കയറിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ശ്വാസതടസം നേരിട്ട് അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചതെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് പൊലീസ് വിശദമാക്കി. ശ്വാസ തടസമുണ്ടാക്കിയത് നനഞ്ഞ ടോയ്ലെറ്റ് പേപ്പറാണെന്നത് ഇയാളെ വിശദമായി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്.