തിരുവനന്തപുരം : മാത്യു കുഴൽനാടൻ്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെൻ്റർ വിവാദത്തിൻ്റെ തുടർചർച്ചകളുടെ ഭാഗമായിട്ടാണ് നടപടി. മുഖ്യമന്ത്രിയുടെ മകൾ വീണ PWC ഡയറക്ടർ ജയിക് ബാല കുമാറിനെ മെൻ്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടൻ്റെ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടൻ്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം കുഴൽനാടനോട് പ്രതികരിച്ചത്.
പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസ്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം ധനഭ്യർത്ഥന ചർച്ചയിൽ ഇന്നും ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിലെ പോര് തുടരാനാണ് സാധ്യത.ബിജെപി ബന്ധം, സ്വർണ്ണക്കടത്തു,akg സെന്റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാൻ കഴിയാത്തത് അടക്കം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ആയിരുന്നു.വിദ്യാഭ്യാസ -തൊഴിൽ വകുപ്പുകളുടെ ധനഭ്യർത്ഥന ആണ് ഇന്ന് പരിഗണിക്കുന്നത്.