തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം ചോദ്യോത്തര വേളയിൽ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ. പ്രതിപക്ഷം പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയപ്പോൾ ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചത് പ്രതിപക്ഷ അംഗങ്ങളെ കുപിതരാക്കി. പിന്നാലെ ചോദ്യോത്തര വേള ബഹിഷ്കരിച്ച് പ്രതിപക്ഷം സഭ വിട്ടു.
പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. സഭയിൽ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓർമ്മിപ്പിച്ച സ്പീക്കർ ഈ ചോദ്യങ്ങൾ അംഗങ്ങൾ പരസ്യപ്പെടുത്തിയെന്ന് കുറ്റപ്പെടുത്തി. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം വിശദീകരിച്ച് സ്പീക്കർ പറഞ്ഞു.
എന്നാൽ പ്രതിപക്ഷം പിന്മാറാൻ തയ്യാറായില്ല. സ്പീക്കർക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
ഈ ഘട്ടത്തിൽ മാത്യു കുഴൽനാടൻ സ്പീക്കറുടെ ഡയസിന് മുന്നിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് നിന്നു. പ്രതിപക്ഷവും ഭരണപക്ഷവും വാക്പോരിലേക്ക് നീങ്ങുന്നതിനിടെയാണ് പ്രതിപക്ഷത്തെ നോക്കി ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം സ്പീക്കർ ചോദിച്ചത്. ഇതിൽ കുപിതരായ പ്രതിപക്ഷം ബഹളം തുടർന്നു. അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കറുടെ ചോദ്യം അപക്വമെന്നും സ്പീക്കർ പദവിക്ക് അപമാനമെന്നും വിമർശിച്ചു. പിന്നാലെ പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മന്ത്രി എംബി രാജേഷും മുഖ്യമന്ത്രിയും രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിന് അഹങ്കാരമാമെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും മാത്യു കുഴൽനാടൻ പിന്തിരിയാതെ പ്രതിഷേധം തുടർന്നത് കൊണ്ടാണ് താൻ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യം ചോദിച്ചതെന്നും സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.