ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരുന്നത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 ആരംഭിക്കുക പഴയ പാർലമെന്റ് മന്ദിരത്തിലാണെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ‘ഗണേശ ചതുർഥി’ ആഘോഷ ദിനമായ സെപ്റ്റംബർ 19ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറ്റും. തുടർന്ന് സെപ്റ്റംബർ 22വരെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സമ്മേളനം ചേരുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് എ.എൻ.ഐ വ്യക്തമാക്കുന്നത്.
ജി20 ഉച്ചകോടി കഴിയുന്നതിന് പിന്നാലെ അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സമ്മേളന തീയതികൾ പ്രഖ്യാപിച്ചെങ്കിലും അജണ്ടകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടില്ല.
അഞ്ചു ദിവസവും ‘അമൃത് കാല’ത്തേക്കുള്ള ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഹ്ലാദ് ജോഷി എക്സിൽ കുറിച്ചു. പ്രത്യേക സെഷൻ ആയതുകൊണ്ട് ചോദ്യോത്തര വേളകളോ മറ്റു വിഷയങ്ങളിൽ ചർച്ചകളോ ഉണ്ടാവില്ല.
മാധ്യമശ്രദ്ധ തന്നിലേക്ക് തിരിക്കുന്ന മോദിയുടെ സ്റ്റൈലാണ് പ്രത്യേക സമ്മേളനം പ്രഖ്യാപിക്കുന്നതിന് പിന്നിലെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ‘മൊദാനി’ അഴിമതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകളാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റൊന്ന്, വലുതായിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷ സഖ്യം ‘ഇൻഡ്യ’ മുംബൈയിൽ യോഗം ചേരുന്നു. ഇതിനിടെ വാർത്ത തങ്ങൾക്കും ചുറ്റും കറങ്ങാനുള്ള മോദി രീതിയാണിതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ചൂണ്ടിക്കാട്ടിയത്.
ജൂലൈ 20ന് ആരംഭിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 11നായിരുന്നു അവസാനിച്ചത്. ഡൽഹി നിയമ ഭേദഗതി ഉൾപ്പെടെ വിവിധ വിവാദ ബില്ലുകൾ അന്ന് പാസാക്കിയിരുന്നു.




















