ദില്ലി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. സിസ്റ്റർ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ കുറുവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. മാധ്യമപ്രവർത്തകർക്ക് കന്യാസ്ത്രീകൾ അയച്ച ഇ – മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
എന്നാൽ ഹൈക്കോടതി നടപടി നിയമത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാതെയാണെന്നും മാധ്യമപ്രവർത്തകർക്ക് ചിത്രം അയച്ച് കൊടുക്കുന്നത് സ്വകാര്യ ആശയവിനിമയമായി എങ്ങനെ കണക്കാൻ കഴിയുമെന്നുമാണ് കേരളത്തിന്റെ വാദം. സിസ്റ്റർമാരുടെ നടപടി ക്രമിനൽ കുറ്റമാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൌൺസൽ സി.കെ ശശിയാണ് കേരളത്തിനായി അപ്പീൽ ഹർജി ഫയൽ ചെയ്ത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 2022 ജനുവരി 14ന് വെറുതെ വിട്ടിരുന്നു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് വിധിച്ചത്.
ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം എന്നിവയ്ക്കൊടുവിലാണ് കോടതിയുടെ വിധി വന്നത്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.