എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴിയും. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിൻറിൽ വച്ച് എംഎൽഎ മർദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചപ്പോള്‍ രണ്ടു പോലീസുകാർ സ്ഥലത്തെത്തിയിരുന്നു. അന്ന് ഒപ്പമുള്ളത് ഭാര്യയാണെന്ന് പറഞ്ഞാണ് പൊലീസുകാരെ എംഎൽഎ മടക്കി അയച്ചത്.
ഇതേ കുറിച്ച് അന്ന് സ്ഥലത്തെത്തിയ പൊലീസുകാർ മൊഴി നൽകി. ബലാൽസംഗത്തിനും വധശ്രമത്തിനും പ്രതിയായ എൽദോസ് ഇപ്പോഴും ഒളിവിലാണ്. പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇന്ന് പരാതിക്കാരുമായി അന്വേഷണ സംഘം പെരുന്പാവൂരിൽ പോയി തെളിവെടുപ്പ് നടത്തിയേക്കും. എൽദോസ് പെരുന്പാവൂരിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു പ്രകാരമാണ് പെരുമ്പാവൂരിലും തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗക്കേസിന് പുറമേ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്കെതിരെ കൂടുതൽ കേസുകളാണ് ചുമത്തിയിട്ടുള്ളത്. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകൾ കൂടി ചുമത്തി എല്‍ദോസിനെതിരെ ചുമത്തിയിട്ടുണ്ട്.
പുതിയ വകുപ്പുകൾ ചേർത്തുള്ള റിപ്പോർട്ട് ജില്ല ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിട്ടുണ്ട്. പരാതിക്കാരിയെ കോവളത്ത് വച്ച് വധിക്കാൻ ശ്രമിച്ചുവെന്ന മൊഴിയിലാണ് പുതിയ വകുപ്പ് ചുമത്തിയത്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് മൊഴി. വസ്ത്രം വലിച്ചു കീറി അപമാനിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
നവമാധ്യമങ്ങള്‍ വഴി എൽദോസ് പീഡിപ്പിക്കുകയാണെന്നും, പരാതി ആദ്യം അന്വേഷിച്ച കോവളം എസ്.എച്ച്.ഒ. പണം വാങ്ങി പരാതി പിൻവലിക്കാൻ നിർബന്ധിച്ചുവെന്നും കാണിച്ച് രണ്ടു പുതിയ പരാതികള്‍ യുവതി കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ഈ രണ്ടു പരാതികളും ബലാൽസംഗ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന എൽദോസിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.