കോഴിക്കോട്: കോഴിക്കോട് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായി പരാതി. പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും പോലീസ് അവരെ പിടികൂടുന്നില്ലെന്നും എഫ്.ഐ.ആറില്‍ താന്‍ മൊഴി നല്‍കിയ കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കാണിച്ച് മര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ എസ്.പിക്ക് പരാതി നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച മുക്കം റോഡില്‍ കല്ലായിൽ വെച്ചാണ് റോബിന്‍ എന്ന ബസിനെ നാല് കിലോമീറ്ററോളം പിന്തുടര്‍ന്ന് തടഞ്ഞുവെക്കുകയും ഡ്രൈവര്‍ നിഖില്‍ ജെയ്‌സണിനെ മര്‍ദ്ദിക്കുകയും ചെയ്തത്. ഈ സംഭവത്തിലാണ് പുതിയ പരാതി. കേസിലെ പ്രതിയായ സിജു എന്നു വിളിക്കുന്ന കൊളക്കാടന്‍ ഗുലാം പാഷ, കോസ്‌മോ ഷഫീഖ്, യൂനുസ് എന്നിവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം തനിക്ക് വധഭീഷണിയുള്ളതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ കോസ്‌മോ ഷഫീഖ് എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയതാണ്. സിജുവിന്റെ കൈയ്യില്‍ കത്തിയും ഷഫീഖിന്റെ കൈയ്യില്‍ ഇരുമ്പ് വടിയും ഉണ്ടായിരുന്നു. ബസിനെ ബ്ലോക്ക് ചെയ്ത വാഹനം കസ്റ്റഡിയിലെടുക്കാനോ പ്രതികളെ പിടികൂടാനോ ഇതുവരെ കേസ് അന്വേഷിക്കുന്ന അരീക്കോട് പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ പ്രതികളില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് തനിക്ക് സംരക്ഷണം നല്‍കണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും എസ്.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.