കൊച്ചി: സംസ്ഥാനത്തെ നികുതി സമാഹരണം ശക്തമാക്കാൻ പ്രഖ്യാപിച്ച ജിഎസ്ടി പുനസംഘടന സാധ്യമാകാതെയാണ് ഈ വർഷവും അവസാനിക്കുന്നത്. ഉദ്യോഗസ്ഥ മൂപ്പിളമ തർക്കത്തിലാണ് ഏറ്റവും ഒടുവിൽ പുനസംഘടന ഫയലിൽ കുരുങ്ങുന്നത്. കഴിഞ്ഞ വർഷത്തെ താരതമ്യം ചെയ്യുമ്പോൾ ഈ നവംബറിൽ നികുതി സമാഹരണത്തിൽ കേരളം നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പുകുത്തി.
ജിഎസ്ടി നടപ്പായിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും കേരളത്തിൽ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പുനസംഘടന പൂർത്തിയായിട്ടില്ല.സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുമ്പോൾ കേന്ദ്രം നൽകുന്ന ജിഎസ് ടി നഷ്ടപരിഹാരവും അവസാനിച്ചു. പുനസംഘടനക്ക് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ തടസം.
ഐആർഎസ് ഉദ്യോഗസ്ഥനായ എബ്രഹാം റെന്നാരുന്നു ജിഎസ്ടി വകുപ്പിൻ്റെ പുന:സംഘടന ചുമതലയിൽ മുമ്പ് ഉണ്ടായിരുന്നത്. വകുപ്പിലെ ഒരു വിഭാഗം ജോയിന്‍റ് കമ്മീഷണർമാർ അവരുടെ അടുത്ത പ്രാെമോഷൻ പോസ്റ്റായ അഡീഷണൽ കമ്മീഷണർമാരുടെ പോസ്റ്റുകൾ പത്താക്കണമെന്ന നിർദ്ദേശം ഉയർത്തിയിരുന്നു.ഇത് തള്ളിയ എബ്രഹാം റെൻ മേൽത്തട്ടിൽ അല്ല താഴെത്തട്ടിൽ കൂടുതൽ ഉദ്യോഗസ്ഥർ വേണമെന്ന റിപ്പോർട്ടാണ് തയ്യാറാക്കിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ എസ്. കാർത്തികേയനാണ് ഇപ്പോൾ ജി എസ് ടി വകുപ്പിൻ്റെ പുന:സംഘടന ചുമതലയിൽ.
എബ്രഹാം റെൻ തയ്യാറാക്കിയ റിപ്പോർട്ടിൽ വീണ്ടും പഠനം വേണമെന്നാണ് പുതിയ നിലപാട്. ഇതിനിടെ ധനകാര്യ മന്ത്രി ഫയൽ നികുതി സെക്രട്ടറിക്ക് നൽകിയെങ്കിലും രണ്ട് മാസത്തിന് ശേഷവും അനിശ്ചിതത്വം തുടരുന്നു. D3/245/2022 ടാക്സസ് ഫയൽ ധനമന്ത്രിയിലേക്ക് മടങ്ങിയെങ്കിലും നടപടിയായിട്ടില്ല. ജിഎസ് ടിയിൽ നികുതി വെട്ടിപ്പു പരിശോധിക്കുന്നതിനുള്ള ആഡിറ്റ് വിംഗിലും അനിശ്ചിതത്വമാണ്.
140ഓളം ഓഡിറ്റിംഗ് സംഘങ്ങളാണ് സജ്ജമാകേണ്ടത്.ആഡിറ്റ് വിംഗ് രൂപീകരിക്കാത്തത് കാരണം നികുതി സമാഹരണത്തിൽ നഷ്ടം ഉയരുന്നു.2021-22 സാമ്പത്തിക വർഷം 23,985 കോടിയാണ് ജിഎസ്ടിയായി ആകെ സമാഹരിച്ചത്. ഈ വർഷം നവംബർ വരെ 19,647കോടി മാത്രം. മൈനസ് നാല് വളർച്ചയാണ് കേരളം നവംബറിൽ രേഖപ്പെടുത്തിയത്. ഓരോ മാസം എഴുനൂറ് കോടിയോളം രൂപ പുനസംഘടന വൈകുന്നത് കൊണ്ട് മാത്രം നഷ്ടം.