തിരൂർ: മോഷണംപോയ ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനക്കിടെ കണ്ടെത്തി. മലപ്പുറം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദേശപ്രകാരം തിരൂർ സ്ക്വാഡ് നരിപ്പറമ്പ് ഭാഗത്ത് പട്രോളിങ് നടത്തവെയാണ് ബൈക്ക് കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത ബജാജ് പൾസർ 180 ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു.
എന്നാൽ ബൈക്ക് ഓടിച്ചവർ നിർത്തി ഇറങ്ങിഓടുകയായിരുന്നു. ഇതിൽ. സംശയംതോന്നിയ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ പി. അജീഷും വി. രാജേഷും വിശദമായി പരിശോധിക്കുകയും വാഹനത്തിന്റെ ചേസിസ് നമ്പറും എൻജിൻ നമ്പറും വെച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തുകയുമായിരുന്നു.
കെ.എൽ 10 എ.ബി 2386 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ബജാജ് പൾസർ 180 ബൈക്ക് ചെന്നല്ലൂർ സ്വദേശിയായ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയിൽ കോഴിക്കോട് ബീച്ചിൽ ഈ ബൈക്ക് മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ച് കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലും വെള്ളായണി പൊലീസ് സ്റ്റേഷനിലും ഉടമ പരാതി നൽകിയിരുന്നു. വാഹനം നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അസി. മോട്ടോർ ഇൻസ്പെക്ടർ മൊബൈലിൽ പകർത്തിയ പ്രതികളുടെ ഫോട്ടോ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി കൈമാറി.