അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകളാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അധ്യാപകരുടെ തിരുത്തൽ നടപടികൾ പലപ്പോഴും വിദ്യാർത്ഥികളിൽ അസഹിഷ്ണുത ഉണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള പല ഏറ്റുമുട്ടലുകൾക്കും പ്രധാന കാരണം. അമേരിക്കയിലെ ടെന്നസിയിൽ നിന്നും കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത സംഭവവും സമാനരീതിയിൽ ഉള്ളതായിരുന്നു. മൊബൈൽ ഫോൺ കൈവശം വെച്ച വിദ്യാർത്ഥിനിയിൽ നിന്നും ഫോൺ പിടിച്ചെടുത്തതിന് രോഷാകുലയായ വിദ്യാർത്ഥിനി അധ്യാപകന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരിക്കുന്നത്.
മെയ് 5 -ന് ടെന്നസിയിലെ നാഷ്‌വില്ലെയ്ക്ക് സമീപമുള്ള അന്ത്യോക്ക് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചപ്പോഴാണ് അധ്യാപകൻ അത് പെൺകുട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയത്. ഇതിൽ രോഷാകുലയായ വിദ്യാർത്ഥിനി തൻറെ ബാഗിൽ സൂക്ഷിച്ചിരുന്ന കുരുമുളക് സ്പ്രേ എടുത്ത് അധ്യാപകനെ നേരെ പ്രയോഗിക്കുകയായിരുന്നു. തുടരെത്തുടരെ രണ്ടുതവണയാണ് വിദ്യാർത്ഥിനി ഇത്തരത്തിൽ കുരുമുളക് സ്പ്രേ അധ്യാപകന് നേരെ പ്രയോഗിച്ചത്. ഈ സമയം ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളിൽ ആരോ ആണ് ഈ ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുകയും ചെയ്തത്.
What’s going on with these kids??
She pepper sprayed her teacher for taking her phone… pic.twitter.com/vShD30Msum
— King Roy (@RoyIsThaTruth) May 7, 2023
വിദ്യാർഥിനിയുടെ കയ്യിൽ നിന്നും അധ്യാപകൻ ഫോൺ വാങ്ങിയ ഉടൻ തന്നെ ഒരുതവണ അധ്യാപകന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുന്നു. അപകടം മനസ്സിലാക്കിയ അധ്യാപകൻ ക്ലാസ് മുറിയിൽ നിന്നും ഫോണുമായി ഇറങ്ങി ഓടുന്നു. അപ്പോൾ പെൺകുട്ടി പുറകെ കുരുമുളക് സ്പ്രേയുമായി പോകുന്നത് കാണാം. ഈ സമയം ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന മറ്റു വിദ്യാർഥികൾ അധ്യാപകനെ കളിയാക്കി ചിരിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് പുറത്തേക്ക് ഇറങ്ങിയ അധ്യാപകൻ മറ്റ് അധ്യാപകരോട് പെൺകുട്ടി തനിക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായി പറയുന്നു. ഈ സമയം അധ്യാപകൻ അരികിലെത്തിയ പെൺകുട്ടി ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. എന്നാൽ അധ്യാപകൻ അത് ചെറുക്കുന്നതോടെ പെൺകുട്ടി വീണ്ടും കുരുമുളക് പ്രയോഗിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ സമയം പുറത്തേക്കിറങ്ങിയ അധ്യാപകർ ചേർന്ന് പെൺകുട്ടിയെ ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾ തന്റെ ഫോൺ തിരികെ വേണമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുന്നു. കൂടാതെ മറ്റു ക്ലാസ് മുറികളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ഈ രംഗങ്ങൾ കൊണ്ട് ചിരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോ ഷെയർ ചെയ്ത റെഡ്ഡിറ്റ് ഉപയോക്താവായ @Lazy_Mouse3803 പറയുന്നതനുസരിച്ച്, അധ്യാപകൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയതിനാണ് വിദ്യാർഥിനിയുടെ കയ്യിൽ നിന്നും അധ്യാപകൻ ഫോൺ വാങ്ങിയത്. ഏതാനും മാസങ്ങൾക്കു മുമ്പ് മറ്റൊരു വിദ്യാർഥിനി ഇതേ അധ്യാപകന്റെ മുഖത്ത് അടിച്ചിരുന്നു എന്നും റെഡ്ഡിറ്റ് ഉപയോക്താവ് കൂട്ടിച്ചേർത്തു.