തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഇപ്പോഴിതാ പക്ഷാഘാതം വന്ന് മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1990-ല്‍ 20 ലക്ഷമായിരുന്നത് 2019-ല്‍ 30 ലക്ഷമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും ഇത് 50 ലക്ഷമായി വര്‍ധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ഇഷെമിക് സ്‌ട്രോക്ക് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണമാണിത്. ചൈനയിലെ ഷാങ്ഗായിയിലുള്ള ടോങ്ജി യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. തലച്ചോറിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കാണ് ഇഷിമിക് സ്‌ട്രോക്ക്. ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണമെന്നാണ് ടോങ്ജി യൂണിവേഴ്‌സിറ്റിയിലെ ലിസി ഷിയോങ് പറയുന്നത്.
‘ന്യൂറോളജി’ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1990 മുതല്‍ 2019 വരെയുള്ള ഗ്ലോബല്‍ ഹെല്‍ത്ത് ഡേറ്റയിലെ വിവരങ്ങളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. സ്‌ട്രോക്കുകളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നില്‍ പ്രധാനമായും എട്ട് കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. പുകവലി, സോഡിയം കൂടുതലുള്ള ഭക്ഷണക്രമം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കിഡനി തകരാറ്, രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, അമിതമായ ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവയാണ് ആ കാരണങ്ങള്‍. 2030 ആകുമ്പോഴേക്കും ഇഷിമിക് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന മരണനിരക്ക് 49 ലക്ഷം ആകുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പറയുന്നത്.