മനുഷ്യരുടെ മസ്തിഷ്കത്തിൽ പിടിപ്പിക്കാൻ കഴിയുന്ന ചിപ്പിന്റെ നിർമ്മാണത്തിലാണ് വർഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബ്രെയിൻ ഇംപ്ലാന്റ് കമ്പനിയായ ന്യൂറലിങ്ക്. ശതകോടീശ്വരനായ എലോൺ മസ്കിന്റെ കമ്പനിയാണിത്. പക്ഷാഘാതം, അന്ധത തുടങ്ങി പല ഗുരുതരമായ അവസ്ഥകളെയും അഭിമുഖീകരിക്കാൻ കഴിവുള്ളതാണ് ബ്രെയിൻ ചിപ്പ്. ചിപ്പിന്റെ മനുഷ്യരിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി 2019 മുതൽ മസ്ക് ശ്രമങ്ങൾ തുടങ്ങിയിരുന്നു.ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) ന്യൂറലിങ്കിന് മനുഷ്യരിൽ ചിപ്പ് പരീക്ഷിക്കാനുള്ള അനുമതിയും നൽകി.
മസ്ക് പറയുന്നത് ശരിയാണെങ്കിൽ “അവഞ്ചേഴ്‌സിൽ ഒരാളായി” മാറാൻ ന്യൂറലിങ്കിന്റെ ചിപ്പ് സ്പൈനൽ കോഡിൽ ഘടിപ്പിച്ചാൽ മതിയായേക്കുമെന്നാണ് പല മേഖലയിലുള്ളവരും ചൂണ്ടിക്കാണിക്കുന്നത്. ഒരു ചാനൽ ചർച്ചയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയുമായി ബന്ധപ്പെട്ടുളള ചോദ്യത്തിന് ഉത്തരമായി നിക്ഷേപ ഗ്രൂപ്പായ ഇനാം ഹോൾഡിങ്സ് ഡയറക്ടർ മനീഷ് ചോഖാനി പറഞ്ഞത് ചിപ്പ് ഘടിപ്പിച്ചാൽ മാർവെലിന്റെ അവഞ്ചേഴ്സ് സിനിമകളിൽ കാണുന്നത് പോലെ സൂപ്പർഹീറോയായി മാറാൻ മനുഷ്യനായേക്കും.
എഐ മികച്ച വളർച്ച കൈവരിച്ചു കഴിഞ്ഞുവെന്നും ചർമ്മത്തിന് സംഭവിക്കുന്ന കാര്യങ്ങൾ പകർത്താനായി മെറ്റീരിയർ സയൻസുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എനർജിയും സ്റ്റോറേജും പ്രയോജനപ്പെടുന്നത് ഹൃദയം ചെയ്യുന്ന കാര്യങ്ങൾക്കാണ്. കമ്പ്യൂട്ടിംഗ് പവറാണ് നാഡീവ്യവസ്ഥ. റോബോട്ടിക്സും സെൻസറുകളും കൈകാലുകളുടെ പ്രവർത്തനങ്ങൾക്കായാണെന്നും അദ്ദേഹം പറഞ്ഞു. മസ്ക് പറയുന്നത് ശരിയാണെങ്കിൽ തലച്ചോറിന്റെ പ്രവർത്തനത്തിന് വേഗം കൂടും. കൂടാതെ ചിപ്പ് ഘടിപ്പിച്ചവർ സൂപ്പർ ഹ്യൂമണായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസം എഐയെ കുറിച്ച് മുന്നറിയിപ്പുമായി യുകെ പ്രധാനമന്ത്രി റിഷി സുനകിന്റെ ഉപദേശകൻ രംഗത്ത് വന്നിരുന്നു. എഐയുടെ നിർമ്മാതാക്കളെ ആഗോള തലത്തില് നിയന്ത്രിച്ചില്ലെങ്കില് മനുഷ്യന്റെ കൈപിടിയിലൊതുങ്ങാത്ത സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും രണ്ട് വർഷത്തിനുള്ളിൽ അനേകം മനുഷ്യരെ കൊല്ലാൻ തക്ക വണ്ണം ശക്തമാകും എഐയെന്നുമാണ് അദ്ദേഹം മുന്നറിയിപ്പിൽ പറയുന്നത്. നിരവധി പേരുടെ മരണങ്ങൾക്ക് തന്നെ കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ നിർമ്മിക്കാൻ എഐയ്ക്ക് കഴിവുണ്ടെന്നാണ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസിയുടെ (ആരിയ) ചെയർമാൻ കൂടിയായ മാറ്റ് ക്ലിഫോർഡ് മുന്നറിയിപ്പ് നൽകിയത്.