കൊച്ചി : നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ അന്ത്യം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള നടപടികൾ പുരോഗമിക്കവേയെന്ന് ആലുവ രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേൽ. സുബി സുരേഷിന് കരൾ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇൻഫക്ഷൻ ഉണ്ടായി. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നും അവയവ മാറ്റ നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേലിന്റെ വാക്കുകൾ
‘സുബി സുരേഷിന് കരൾ രോഗം നേരത്തെയുണ്ടായിരുന്നു. അതിന് ശേഷം ഇൻഫക്ഷൻ ഉണ്ടായി. ഇത് വ്യക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സുബിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള നടപടികൾ ആശുപത്രിയിൽ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തിൽ നിന്നും തന്നെ കരൾ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാൽ സുബിക്ക് ഇൻഫക്ഷൻ ഉണ്ടായിരുന്നതിനാൽ ആ സമയത്ത് അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. എല്ലാ അവസ്ഥയിലും കരൾ മാറ്റിവെക്കൽ സാധ്യമല്ല. അവയവമാറ്റത്തിന് നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ല.
പരിശോധനകൾക്ക് ശേഷമാണ് സുബിക്ക് കരൾ മാറ്റിവെക്കേണ്ടതാണെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി. സ്വീകർത്താവിനും ദാതാവിനും ടെസ്റ്റുകൾ നടത്തി. മാസങ്ങൾ നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങൾ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചിരിക്കുന്ന സമയത്ത് കരൾ മാറ്റിവെക്കാൻ കഴിയില്ല. സ്വീകരിക്കുന്നയാൾ തുടർന്ന് ജീവിക്കുമെന്ന് ഉറപ്പാക്കി മാത്രമേ ശസ്ത്രക്രിയ നടത്താൻ കഴിയുകയുള്ളു. നടപടിക്രമത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും രാജഗിരി ആശുപത്രിയിലെ സുപ്രണ്ട് സണ്ണി വ്യക്തമാക്കി.