ദില്ലി: ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. വിധിയിൽ അപാകതകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജികൾ തള്ളുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. 2023 ഡിസംബര്‍ 11ന് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പിഴവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ, അവാമി നാഷണൽ കോൺഫറൻസ്, അഭിഭാഷകൻ മുസാഫർ ഇഖ്ബാൽ ഖാൻ, ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെൻ്റ് എന്നിവരാണ് പുനഃപരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ഒട്ടേറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. 2019 ഓഗസ്റ്റ് 5നാണ് പ്രത്യേക പദവി രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഇല്ലാതാക്കിയത്. പ്രത്യേക അധികാരം റദ്ദാക്കിയത് അംഗീകരിച്ച പാർലമെന്റ്, സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്ര ഭരണപ്രദേശങ്ങളാക്കാനുള്ള ബില്ലും പാസാക്കിയിരുന്നു.