ദില്ലി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമുള്ളതാണ് .ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യ രീതിയിലേക്കു നമ്മള്‍ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗള്‍, അഭയ് ഓക്ക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കവേ വാക്കാൽ പരാമർശിച്ചു.
ഭാര്യയുടെ എതിര്‍പ്പ് തള്ളി വിവാഹ മോചനം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ദമ്പതികള്‍ ഒരുമിച്ചു ജീവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം അറിയാന്‍ ഈ കാലയളവു മതിയാവില്ല. ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാന്‍ രണ്ടു പേരും ഗൗരവപൂര്‍ണമായ ശ്രമം നടത്തണം. ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തില്‍ പുനപ്പരിശോധന നടത്താന്‍ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. മധ്യസ്ഥത്തിനായി കോടതി പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസിനെ നിയോഗിച്ചു.