ദില്ലി : ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതെയിരിക്കാൻ പഠനം നടത്തുന്നതിന് സമിതിയെ നിയോഗിക്കുന്നതിൽ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കിയേക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുക. നേരത്തെ ഈക്കാര്യത്തിൽ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രവും സെബിയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
റിട്ട. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പഠനം നടത്താൻ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ കേന്ദ്രം കോടതിയെ അറിയിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഓഹരി വിപണയിലുണ്ടായ തകര്‍ച്ചയും, ഇന്ത്യന്‍ നിക്ഷേപകര്‍ക്കുണ്ടാ നഷ്ടവും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനള്ള നടപടികളായിരിക്കും സമിതി പഠിക്കുക.അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂർ നൽകിയ ഹർജിയും ഈ ഹർജികൾക്കൊപ്പം പരിഗണിക്കും. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കുമെതിരെയും അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.