ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിമർശിച്ച് സുപ്രീംകോടതി. ഒരു മന്ത്രിയെന്ന നിലയിൽ താൻ പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ മനസിലാക്കേണ്ടിയിരുന്നുവെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
”ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം ദുരുപയോഗം ചെയ്തു. ആർട്ടിക്കിൾ 25 പ്രകാരമുള്ള അവകാശവും നിങ്ങൾ ദുരുപയോഗം ചെയ്തു. ഇപ്പോൾ നിങ്ങൾ ആർട്ടിക്കിൾ 32 (സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്യാൻ) പ്രകാരമുള്ള നിങ്ങളുടെ അവകാശം വിനിയോഗിക്കുകയാണോ? പറഞ്ഞതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് ബോധ്യമില്ലാത്തയാളാണോ? താങ്കൾ ഒരു സാധാരണക്കാരനല്ല, മന്ത്രിയാണ്. പറയുന്നതിന്റെ അനന്തരഫലങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.”-എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ഹരജി പരിഗണിക്കുന്നത് മാർച്ച് 15ലേക്ക് മാറ്റുകയും ചെയ്തു.
ഉദയനിധി സ്റ്റാലിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‍വിയാണ് ഹാജരായത്. ഉദയനിധിക്കെതിരായ എഫ്.ഐ.ആർ ഫയൽ ചെയ്തത് ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. 2023 സെപ്റ്റംബറിലാണ് സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധിയുടെ പ്രസ്താവന.