ദില്ലി: കേരളത്തിന് ഏറെ നിർണായകമാണ് പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഇന്നേ ദിവസം. അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്കാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിടുക. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. അതുകൊണ്ടുതന്നെ കേരളത്തെ സംബന്ധിച്ചടുത്തോളം വിധി അത്രയേറെ പ്രധാന്യമുള്ളതാകും.
ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും ഇതിൽ ഫലമില്ലാതെ വന്നതോടെയാണ് കേസിൽ കോടതി വീണ്ടും വാദം കേട്ടത്. ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളം വാദിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് തെറ്റായ കണക്ക് സുപ്രീം കോടതിക്ക് കൈമാറിയ കേന്ദ്ര നടപടി ഞെട്ടിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ 2023 -24 സാമ്പത്തിക വർഷത്തിൽ ജി എസ് ഡി പി യുടെ 4.25 ശതമാനം ഇത് വരെ കടം കേരളം എടുത്തിട്ടുണ്ട് എന്നും ഇനി 25000 കോടി കൂടി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം വാദിച്ചത്. രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ ഹർജി സംബന്ധിച്ച് നടന്നത്. ഈ സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുൻപ് ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനമാണ് ഹർജിയിൽ ഉത്തരവ് എത്തുന്നത്. കടമെടുപ്പ വെട്ടിക്കുറിച്ചതിനെതിരെ കേരളം നൽകിയ പ്രധാന ഹർജി നിലവിൽ കോടതിയുടെ പരിഗണിനയിലാണ്.