ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും വെവ്വേറെ പ്രഖ്യാപിച്ച അന്വേഷണം തുടരേണ്ടതില്ലെന്നും നിര്‍ദേശിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയാകും അന്വേഷിക്കുകയെന്നു ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ചണ്ഡിഗഡ് ഡിജിപി, എന്‍ഐഎ ഐജി, പഞ്ചാബ്-ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ എന്നിവരാണ് അംഗങ്ങള്‍. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, പഞ്ചാബ് സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചതില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചു. അവരാണ് കുറ്റക്കാരെന്നു കണ്ടെത്തിയെങ്കില്‍ കോടതി ഇതു പരിഗണിക്കുന്നതില്‍ എന്താണ് അര്‍ഥമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ചോദിച്ചു.
കേന്ദ്ര സമിതി അന്വേഷിച്ചു വിശദ റിപ്പോര്‍ട്ട് നല്‍കാമെന്നു തുഷാര്‍ മേത്ത പറഞ്ഞെങ്കിലും പഞ്ചാബ് എതിര്‍ത്തു. കേന്ദ്ര അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും അഡ്വക്കറ്റ് ജനറല്‍ ഡി.എസ്.പട്‌വാലിയ പറഞ്ഞു. നിസ്സാര വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും യുഎപിഎ കൂടി വേണമെന്നും ഹര്‍ജി നല്‍കിയ ‘ലോയേഴ്‌സ് വോയ്‌സ്’ സംഘടന വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. വിഷയം സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറുപടി നല്‍കി.