തിരുവനന്തപുരം: ബസ് യാത്രക്കാരന്‍റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. പള്ളിച്ചൽ സൗപർണിക ഓഡിറ്റോറിയത്തിന് സമീപം പെരിങ്ങോട്ടുകോണം തുണ്ടുവിള വീട്ടിൽ ഉദയകുമാറിനെയാണ് (37) തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20 ന് രാത്രി ഏഴരയോടെ തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനലിന് മുന്നിൽ ബസ് കയറാൻ നിന്ന കാഞ്ഞിരംകുളം സ്വദേശിയുടെ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്ന് 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇയാൾ മോഷ്ടിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തമ്പാനൂർ എസ് ഐ രഞ്ജിത്ത്, എ എസ് ഐ അഷറഫ്, എസ് സി പി ഒ അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോൺ ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇതിനിടെ തൃശൂർ കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടുകാര്‍ കല്യാണത്തിന് പോയതിന് പിന്നാലെ വൻ കവർച്ച. ശാസ്ത്രജീ നഗർ പ്രശാന്തിയിൽ രാജന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവനിലേറെ സ്വർണ്ണം നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിൽ പരാതി നൽകി. രാജന്‍റെ ഭാര്യ ദേവി രാവിലെ 10 മണിയോടെ വീട് പൂട്ടി കല്യാണത്തിന് പോയിരുന്നു. തിരിച്ച് മൂന്നരയോടെ വീട്ടിൽ വന്നപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ചിട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 80 പവനോളം വരുന്ന സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.












