ദില്ലി : ഉത്തർപ്രദേശിലെ മുസാഫാർനഗറിൽ മുസ്ലിം വിദ്യാർത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കോടതി നിർദേശിച്ചു. സംഭവം ഗുരുതരവും ആശങ്കപ്പെടുത്തുന്നതെന്നും നിരീക്ഷിച്ച കോടതി ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയുന്നതാണെന്നും വ്യക്തമാക്കി. എഫ്ഐആറിൻ്റെ ഉളളടക്കത്തിലും കോടതി കടുത്ത അതൃപതി രേഖപ്പെടുത്തി. അധ്യാപികയുടെ നടപടിക്ക് പിന്നിൽ വർഗീയതയുണ്ടെന്ന അച്ഛന്റെ പരാതി എഫ്ഐആറിൽ രേഖപെടുത്താത്തത് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഉത്തർപ്രദേശിലെ നേഹ പബ്ലിക് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രിൻസിപ്പൽ ത്രിപ്ത ത്യാഗിയുടെ നിർദ്ദേശപ്രകാരമാണ് സഹപാഠികൾ കുട്ടിയെ തല്ലിയതെന്നാണ് കേസ്. വീഡിയോ പുറത്തായതോടെ സംഭവം വിവാദമായിരുന്നു.