ദില്ലി: വടക്കേ ഇന്ത്യ കടുത്ത ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ്. രാജസ്ഥാനിലെ ചുരു, ഹരിയാനയിലെ സിർസ എന്നീ സ്ഥലങ്ങളിൽ താപനില 50 ഡിഗ്രി കടന്നു. ദില്ലിയിലെ മൂന്ന് കാലാവസ്ഥാ സ്റ്റേഷനുകളിൽ 49 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തി. ഐഎംഡിയുടെ റിപ്പോർട്ട് പ്രകാരം മുങ്കേഷ്പൂരിലും നരേലയിലും 49.9 ഡിഗ്രിയും നജഫ്ഗഢിൽ 49.8 ഡിഗ്രി സെൽഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. ഈ സീസണിൽ രാജ്യ തലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
കടുത്ത ചൂടിനെ തുടർന്ന് ഹരിയാന സർക്കാർ സ്കൂളുകളുടെ വേനലവധി നേരത്തെയാക്കി. മെയ് 30 ന് ശേഷം ഉഷ്ണ തരംഗത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന് ഐഎംഡി അറിയിച്ചു. മെയ് 30ന് ശേഷം പല ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് പ്രവചനം.
ദില്ലിയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥനായ ബിനീഷ് മരിച്ചത് ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടിൽ രണ്ട് ദിവസം ബിനീഷ് പരിശീലനത്തിൽ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരംഗത്തെ തുടർന്നാണോ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത് എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് ദില്ലി പൊലീസ് അറിയിച്ചത്.
അതേസമയം റെമാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും 35 മരണം റിപ്പോർട്ട് ചെയ്തു. പന്ത്രണ്ടോളം പേരെ കാണാതായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മിസോറം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ്. മിസോറാമിൽ ക്വാറി തകർന്ന് 14 പേരാണ് മരിച്ചത്. മഴയിൽ വീടുകള്‍ തകരുകയും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും ചെയ്തതോടെ നൂറുകണക്കിനാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും അസമിൽ നാല് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാഗാലാൻഡിലും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 40 ലധികം വീടുകൾക്ക് കേടുപാട് സംഭവിച്ചു. മേഘാലയയിൽ രണ്ട് പേർ മരിക്കുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.