തിരുവനന്തപുരം: എച്ച്.ഡി. കുമാരസ്വാമി മോദി മന്ത്രിസഭയിൽ അംഗമായതോടെ കേരളത്തിലെ രാഷ്ട്രീയ നിലപാട് തീരുമാനിക്കാൻ ജെഡിഎസ് നേതൃയോഗം ഇന്ന് ചേരും. എന്‍ഡിഎ സഖ്യകക്ഷിയായ ദേശീയ നേതൃത്വവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിച്ച് പുതിയ പാർട്ടി രൂപീകരിക്കാനാണ് സാധ്യത. ഉടൻ നിലപാട് വ്യക്തമാക്കണം എന്ന് സിപിഎം അന്ത്യശാസനം നൽകിയിരുന്നു. പുതിയ പാർട്ടിയുണ്ടാക്കിയാൽ എംഎൽഎമാരായ മാത്യു ടി.തോമസും കെ.കൃഷ്ണൻകുട്ടിയും അയോഗ്യരാകുമോ എന്ന പ്രശ്നവും ബാക്കിയാണ്.
സമാജ്‍വാദി പാർട്ടിയിൽ ലയിക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയുടെ ഘടകക്ഷിയായത്. 10 മാസമായിട്ടും സംസ്ഥാനഘടകം ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നേതൃയോഗം. കേരളത്തില്‍ സ്വതന്ത്രമായി നിലനില്‍ക്കുമെന്ന അഭിപ്രായമാണ് കഴിഞ്ഞ ദിവസം കെ കൃഷ്ണൻകുട്ടി പ്രകടിപ്പിച്ചത്. ദേശീയ ഘടകവുമായി യാതൊരു ബന്ധവുമില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ നേതൃയോഗത്തില്‍ എന്തായിരിക്കും പാര്‍ട്ടിയുടെ നിലപാടും നിര്‍ണായകമാണ്.