കണ്ണൂർ കൊട്ടിയൂർ പന്നിയാൻമലയിൽ കമ്പി വേലിയിൽ കുടുങ്ങിയ കടുവയെ തൃശ്ശൂരിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി. രാത്രിവൈകിയും കടുവയെ മാറ്റുന്നത് എവിടേക്കെന്ന് വ്യക്തമാക്കാതിരുന്നതോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർക്ക് എഴുതി നൽകിയ ശേഷമാണ് കടുവയെ കൊട്ടിയൂരിൽ നിന്ന് കൊണ്ടുപോകാൻ അനുവദിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്ക് റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ
കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തി രക്ഷാ പ്രവർത്തനം തുടങ്ങി. രാവിലെ 11 മണിയോടെ വയനാട്ടിൽ നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ദ സംഘം കടുവയെ മയക്കുവെടി വെച്ചു. അര മണിക്കൂറോളം കാത്തിരുന്ന് കടുവ മയങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വലയിലാക്കി ലോറിയിൽ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റിയത്.
കടുവയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും ഒരു പല്ലില്ലാത്തതിനാൽ അത് സ്വാഭാവികമായി കാട്ടിൽ ജീവിക്കാൻ സാധ്യതയില്ലാത്തതിനാൽ കാട്ടിൽ തുറന്നു വിടില്ലെന്ന് കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക് അറിയിച്ചു. എന്നാൽ രാത്രിവൈകിയും കടുവയെ മാറ്റുന്നത് എവിടേക്കെന്ന് വ്യക്തമാക്കാത്തതോടെ നാട്ടുകാർ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. പിന്നീട് തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർക്ക് എഴുതി നൽകിയ ശേഷമാണ് കടുവയെ കൊട്ടിയൂരിൽ നിന്ന് കൊണ്ടുപോകാൻ അനുവദിച്ചത്. പന്നിയാൻമലയിൽ വന്യജീവികളുടെ ആക്രമണം കൂടുകയാണെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.